തിരുവനന്തപുരം: സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നോവലെറ്റിനെ ആസ്പദമാക്കി നാടക, ചലച്ചിത്രകാരൻ സുവീരൻ കോഴിക്കോട് ബാക് സ്റ്റേജ് നാടകസംഘത്തിന് വേണ്ടി ഒരുക്കിയ 'ഭാസ്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകത്തിൽ നഗ്നരംഗം ആവിഷ്കരിച്ചുവെന്ന പേരിൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ കാരണം കാണിക്കൽ നോട്ടീസ്. അനേകം രംഗാവതരണങ്ങളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട നാടകത്തിൽ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നാഷണൽ ഡ്രാമാ സ്കൂളിന്റെ നടപടി 'സദാചാരപ്പൊലീസിംഗ്' ആണെന്ന് രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളിൽ വിമർശനമുയർന്നിരിക്കുകയാണ്.
പോണ്ടിച്ചേരിയിൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമ (എൻ.എസ്.ഡി) സംഘടിപ്പിച്ച ഭാരത് രംഗ് മഹോത്സവിലേക്ക് ഭാസ്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മാസം 12നായിരുന്നു അവതരണം. അവതരണച്ചെലവായ രണ്ടരലക്ഷത്തോളം രൂപ സംഘാടകർ ഇനിയും നൽകിയിട്ടില്ല. അതിനിടയിലാണ് നോട്ടീസ്. സെലക്‌ഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ച ഡി.വി.ഡിയിൽ ഇല്ലാതിരുന്ന നഗ്നരംഗമാണ് നാടകത്തിൽ ഉൾപ്പെടുത്തിയതെന്നും എൻ.എസ്.ഡി ചെയർപേഴ്സൺ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അവതരിപ്പിക്കപ്പെട്ട നാടകത്തിൽ ഇങ്ങനെയൊരു രംഗം ഉൾപ്പെടുത്തിയതിൽ പലരും അതൃപ്തിയറിയിച്ചിട്ടുണ്ടെന്നുമാണ് എൻ.എസ്.ഡി രജിസ്ട്രാർ അയച്ച നോട്ടീസിൽ പറയുന്നത്. എന്നാൽ സെലക്‌ഷൻ കമ്മിറ്റിക്കയക്കുന്നത് അതിന്റെ പ്രധാനഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ഡി.വി.ഡി മാത്രമാണെന്നും ഇക്കാര്യം അധികൃതർക്ക് തന്നെ ബോദ്ധ്യമുള്ളതാണെന്നുമാണ് സുവീരന്റെ വാദം.
പോണ്ടിച്ചേരിയിലെ അവതരണത്തിന് ശേഷം നടന്ന സംവാദത്തിൽ, രാജ്യത്തെ കാമ്പസുകളിലെല്ലാം പ്രതിഷേധങ്ങളുയരുമ്പോൾ എൻ.എസ്.ഡി നിശ്ശബ്ദമായിരിക്കുന്നതെന്തേയെന്ന ചോദ്യം സുവീരനുയർത്തിയതാണ് അധികൃതരെ ചൊടിപ്പിച്ചതെന്ന് ഒരു വിഭാഗം നാടകപ്രവർത്തകർ പറയുന്നു.
കഥാസന്ദർഭം ആവശ്യപ്പെടുന്നതാണ് തൊമ്മി ഉടുതുണിയില്ലാതെ നിൽക്കുന്ന രംഗമെന്നിരിക്കെ, അതിനെ ചോദ്യം ചെയ്യുന്നത് കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടലാണെന്നാണ് സാംസ്കാരികലോകത്തിന്റെ വിമർശനം. അക്കാഡമിക് താല്പര്യത്തോടെ പരീക്ഷണനാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മഹത്തായ പാരമ്പര്യമുള്ള എൻ.എസ്.ഡിയുടെ നീക്കം അദ്ഭുതപ്പെടുത്തുന്നതാണെന്ന് അവിടത്തെ പൂർവ്വവിദ്യാർത്ഥി കൂടിയായ സുവീരൻ നോട്ടീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
എൻ.എസ്.ഡിയിൽ പഠിച്ചുകൊണ്ടിരിക്കെ സുവീരൻ ചെയ്ത നാടകത്തിൽ നടൻ പൂർണ്ണ നഗ്നനായി പ്രത്യക്ഷപ്പെടുന്ന രംഗമുണ്ടായിട്ടുണ്ട്. അന്ന് ആ നാടകത്തിന് ഫാക്കൽറ്റി അംഗങ്ങൾ ഏറ്റവും ഉയർന്ന മാർക്ക് നൽകുകകയും ഏറെ അഭിനന്ദിക്കുകയും ചെയ്ത പാരമ്പര്യവും സുവീരൻ കത്തിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. കുംഭമേളയിലെ സന്യാസിമാരും ജൈന ദിഗംബരന്മാരുമടക്കം നഗ്നരായി നടക്കുന്ന നാട്ടിൽ ഇങ്ങനെയൊരു നോട്ടീസയക്കുന്നതിന്റെ സാംഗത്യമെന്താണെന്നും സുവീരൻ ചോദിക്കുന്നു.
എൻ.എസ്.ഡി പറയുന്നത്:
'അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവലായ ഭാരത് രംഗ് മഹോത്സവം രാജ്യത്തെ ഏറെ ശ്രദ്ധേയമായ ഒന്നാണ്. നൂറോളം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ് നിങ്ങളുടെ നാടകം.നഗ്നത പൊതുവേദിയിലെ പ്രദർശനങ്ങളിൽ നിയമപ്രകാരം വിലക്കിയിട്ടുള്ളതാണ്. സെലക്‌ഷന് അയച്ച ഡി.വി.ഡിയിൽ ഇല്ലാതിരുന്ന രംഗം ഉൾക്കൊള്ളിച്ചത് എൻ.എസ്.ഡി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ്.'
നാടകകാരൻ സുവീരന്റെ മറുപടി:
'നഗ്നരംഗങ്ങളുള്ള നിരവധി പാശ്ചാത്യനാടകങ്ങൾ എൻ.എസ്.ഡി ഷോക്കേസ് ചെയ്തപ്പോൾ അവയൊന്നും വിലക്കിയ സംഭവമുണ്ടായിട്ടില്ല. പൊതുസ്ഥലങ്ങൾക്ക് ബാധകമായ നിയമം കലയ്ക്ക് ബാധകമാക്കുമെന്ന് എങ്ങനെ പറയാനാകും? ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്ന നാടകത്തെ പൊതുസ്ഥലത്തെ പ്രവർത്തിയോട് താരതമ്യം ചെയ്യാനാകുമോ? നാടകത്തിന്റെ മൊത്തം സന്ദർഭം ആവശ്യപ്പെടുന്നതാണെങ്കിൽ പൊതുസ്ഥലത്ത് അവതരിപ്പിക്കുന്ന നാടകത്തിലും നഗ്നരംഗമാകാമെന്നാണ് എന്നെപ്പോലുള്ള കലാകാരന്മാരുടെ അഭിപ്രായം. നാടകത്തിൽ സെൻസർഷിപ്പ് കേട്ടുകേൾവിയില്ലാത്തതാണ്. ഇന്ത്യയിലുൾപ്പെടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സെൻസർ ചെയ്യപ്പെടാത്ത സിനിമകൾ കാണിക്കാറുണ്ട്. രംഗാവതരണമെന്നത് വീഡിയോയിൽ ചിത്രീകരിക്കുന്നതിന്റെ യാന്ത്രികമായ അനുകരണമല്ല. ഓരോ സ്റ്റേജിലും അവതരണം മെച്ചപ്പെടുത്താനുതകുന്ന ഇടപെടലിന് സംവിധായകന് സ്വാതന്ത്ര്യമുണ്ട്. എന്റെ നാടകത്തിലെ കഥാനായകൻ അടിമയും പലപ്പോഴും നഗ്നനായി നിൽക്കേണ്ടി വരുന്നയാളുമാണ്. തൃശൂരിൽ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ പ്രേക്ഷകർ ഏറെ അംഗീകരിച്ച നാടകമാണിത്. എൻ.എസ്.ഡി പോലൊരു മഹത്തായ സ്ഥാപനത്തോട് ഇതെല്ലാം വിശദീകരിക്കേണ്ടി വരുന്നത് പരിതാപകരമാണ്.'
സക്കറിയ, എഴുത്തുകാരൻ:
'ആരൊക്കെയോ ചേർന്ന് ഇന്ത്യയിലൊരു പൊലീസ് സ്റ്റേറ്റ് നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. ഇത്തരം കാലഹരണപ്പെട്ടതും സംസ്കാരശൂന്യവുമായ നിയമങ്ങൾ ഇന്ത്യൻ പീനൽകോഡിലുള്ളിടത്തോളം കാലം അതെടുത്തുപയോഗിക്കാൻ ആർക്കും കഴിയും. സദാചാരപരമായ ഇരട്ടത്താപ്പാണിത്. ഇന്ത്യയുടെ പൗരാണികമായ കലയിൽ, മതപരമായ കലയിൽ പോലും നഗ്നത ഒരു പ്രശ്നമേയായിരുന്നില്ല. അതേസമയം അവരുടെ തന്നെ ഏജന്റുമാർ എൻ.എസ്.ഡിയിലിരുന്ന് ഇപ്പോൾ പറയുന്നു നഗ്നത ഒരു കുറ്റമാണെന്ന്. ഇതിന്റെയെല്ലാം ആത്യന്തികലക്ഷ്യം പൗരന്മാരുടെയും കലാകാരന്മാരുടെയും സ്വാതന്ത്ര്യത്തെ ചവിട്ടിത്താഴ്ത്തുകയാണ്. '