കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യ കേസിൽ കുടുങ്ങിയപ്പോഴും കാമുകനൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടിരുന്നോ? ഇവർ ആദ്യം നല്കിയ മൊഴി തനിക്ക് മാത്രമാണ് കൊലപാതകത്തിൽ പങ്കെന്നായിരുന്നു. ഇതാണ് ഇത്തരമൊരു ചോദ്യത്തിന് കാരണവും. എന്നാൽ പൊലീസ് അന്വേഷണം മുറുകിയതോടെ കാമുകനും പിടിവീണു. ശരണ്യയുടെ കാമുകൻ വാരം പുന്നക്കൽ ഹൗസിൽ നിധിനെ (28) ഇന്നലെ അന്വേഷണസംഘം അറസ്റ്റുചെയ്തു.
കൊല്ലപ്പെട്ട വിയാന്റെ മാതാവ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (23) നേരത്തെ അറസ്റ്റിലായിരുന്നു. ഗൂഢാലോചന, പ്രേരണ കുറ്റങ്ങളിലാണ് നിധിന്റെ അറസ്റ്റ്. കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് കാമുകനൊപ്പം ജീവിക്കുകയായിരുന്നു ഉദ്ദേശമെന്ന് ശരണ്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമ്പോൾ ശരണ്യയുടെ ഫോണിലേക്ക് 17 തവണ കാമുകന്റെ കോളുകളെത്തി. ഇതോടെയാണ് ഇവർക്ക് കാമുകനുണ്ടെന്ന് പൊലീസിന് വ്യക്തമാകുന്നത്. എന്നാൽ കാമുകനാണെന്ന കാര്യം മറച്ചുവയ്ക്കാൻ തന്നെയാണ് ശരണ്യ അപ്പോഴും ശ്രമിച്ചത്. മാത്രമല്ല, കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവ് പ്രണവാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം തുടരുകയും ചെയ്തു.
ഇതിനിടെ ശരണ്യയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകളും ഫോട്ടോയുമാണ് വഴിത്തിരിവായത്. നിധിന്റെ ഫോട്ടോ കണ്ട അയൽവാസികളിലൊരാൾ ഇയാളെ സംഭവത്തിന്റെ തലേന്ന് ശരണ്യയുടെ വീടിന് സമീപം കണ്ടതായി മൊഴി നല്കി. ഇക്കാര്യം സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമാവുകയും ചെയ്തു. ഇതേതുടർന്ന് ശരണ്യയെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്യുകയായിരുന്നു. നിധിനെയും വിളിപ്പിച്ചു ചോദ്യംചെയ്തു. എന്നാൽ താൻ കുഞ്ഞിനെ കൊല്ലാൻ നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു നിധിന്റെ മൊഴി.
എന്നാൽ ആവർത്തിച്ചുള്ള ചോദ്യംചെയ്യലിൽ ശരണ്യയുമായുള്ള വിവാഹത്തിൽ നിന്ന് തന്നെ അകറ്റുന്നത് കുഞ്ഞാണെന്ന് ഇയാൾ പലതവണ ആവർത്തിച്ചുപറഞ്ഞതായി വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് കേസിൽ പ്രതിയായതും. ശരണ്യയെ ചൂഷണം ചെയ്ത് ആഭരണങ്ങളും പണവും ഇയാൾ കൈക്കലാക്കിയിരുന്നുവെന്നും വെളിപ്പെട്ടു. കുഞ്ഞിന്റെ പേര് പറഞ്ഞ് രഹസ്യ ബന്ധത്തിൽനിന്ന് തലയൂരാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും വിവരമുണ്ട്. മറ്റൊരു വിവാഹത്തിനും നിധിൻ തയ്യാറെടുത്തിരുന്നു. ഇതിന് മുമ്പായി ശരണ്യയോട് ഒരു ബാങ്ക് വായ്പ തരപ്പെടുത്തി തരാനായി പറയാനായിരുന്നു കൊലപാതകത്തിന്റെ തലേന്ന് വരെ ഇവരുടെ കൂടിക്കാഴ്ച നടന്നത്. എന്നാൽ കൂടിക്കാഴ്ചയിൽ പുതിയ ബന്ധവുമായി ബന്ധപ്പെട്ട് ഇതുവരും തർക്കിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലയിൽ നിധിന് നേരിട്ട് ബന്ധമില്ലെങ്കിലും, ഫോൺ സന്ദേശങ്ങൾ വ്യക്തമാക്കുന്നത് കുട്ടിയെ ഇല്ലാതാക്കാൻ നിധിൻ പല ഘട്ടങ്ങളിലായി ശരണ്യയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ്. ഇതാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. നടപടികൾ പൂർത്തിയാക്കി നിധിനെ കോടതിയിൽ ഹാജരാക്കും. തുടർ അന്വേഷണത്തിനും തെളിവുകൾ ശേഖരിക്കുന്നതിനും നിധിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.