തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ ക്ഷാമം പരിഹരിക്കാൻ മഹാരാഷ്ട്രയിൽ നിന്ന് കട്ടിയാക്കിയ പാൽ കൊണ്ടുവരാനുള്ള നടപടിയുമായി മിൽമ. ഏപ്രിൽ പകുതിയോടെ പാലിന് വലിയ ക്ഷാമമുണ്ടാകുമെന്നാണ് മിൽമയുടെ കണക്കുകൂട്ടൽ. നിലവിലെ സ്ഥിതിയിൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ മിൽമയ്ക്ക് മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണ്. അതിനാലാണ് മഹാരാഷ്ട്രയെക്കൂടി ആശ്രയിക്കുന്നത്.
2011ന് ശേഷം ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ നിന്ന് പാൽ കൊണ്ടുവരാനുള്ള നീക്കം മിൽമ നടത്തുന്നത്. 12.5 ലക്ഷം ലിറ്റർ പാലാണ് മിൽമ പ്രതിദിനം വിതരണം ചെയ്യുന്നത്. ഇതിൽ 1.5 ലക്ഷം ലിറ്റർ പാലിനാണ് ക്ഷാമം അനുഭവപ്പെടുന്നത്. പ്രതിദിന വിതരണം വർദ്ധിപ്പിക്കാൻ തമിഴ്‌നാട് അധികൃതരോട് മിൽമ അഭ്യർത്ഥിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.
തൈര്, സംഭാരം ഐസ് ക്രീം, നെയ്യ്, സിപ്പ അപ്പ്, പേട എന്നിവയുൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ മിൽമയ്‌ക്കുണ്ട്. ഈ ഉത്പന്നങ്ങളുടെ ആവശ്യകത വേനൽക്കാലത്ത് വർദ്ധിക്കാറാണ് പതിവ്. പാൽ ഉത്പന്നങ്ങൾ സാധാരണ കട്ടിയാക്കിയ പാലിലാണ് ഉത്പാദിപ്പിക്കുന്നത്. അതിനാലാണ് മഹാരാഷ്ട്രയിൽ നിന്ന് കട്ടിയാക്കിയ പാൽ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ മിൽമ ലക്ഷ്യമിടുന്നത്. പ്രാഥമിക ചർച്ചകൾക്കായി മിൽമയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലേക്ക് പോയിരുന്നു. ഈ വേനൽക്കാലത്ത് പ്രതിദിനം 50,000 ലിറ്റർ പാൽ അധികമായി വിതരണത്തിന് വേണ്ടി വരുമെന്നാണ് മിൽമ അധികൃതർ പറയുന്നത്.
വില കൂട്ടാൻ മിൽമ; കൂട്ടില്ലെന്ന് സർക്കാർ
പാൽ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ വീണ്ടും പാൽവില കൂട്ടാനുള്ള ശ്രമമാണ് മിൽമ നടത്തുന്നത്. ലിറ്ററിന് 6 രൂപാ വരെ കൂട്ടണമെന്നാണ് ആവശ്യം. ഇന്ന് നടക്കുന്ന ബോർഡ് യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. ക്ഷീര കർഷകർ കടുത്ത പ്രതിസന്ധി അനുഭവിച്ചാണ് പാൽ വിതരണം ചെയ്യുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ ക്ഷീര കർഷകരുടെ ജീവിതം വഴിമുട്ടുമെന്നുമാണ് അധികൃതർ പറയുന്നത്.
ആറ് മാസം മുമ്പാണ് മിൽമ അവസാനമായി പാൽ വില വർദ്ധിപ്പിച്ചത്. പെട്ടെന്നുള്ള വില വർദ്ധന മലയാളിയുടെ ബഡ്ജറ്റിന്റെ താളം തെറ്റിക്കുമെന്ന കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പാൽ വില കൂട്ടാനുള്ള മിൽമയുടെ ആവശ്യം സർക്കാർ അംഗീകരിക്കില്ല. നേരത്തെ വെള്ളക്കരം കൂട്ടരുതെന്ന് എൽ.ഡി.എഫ് യോഗം തീരുമാനമെടുത്തിരുന്നു. ആ മാതൃക തന്നെയാകും സർക്കാർ പാൽ വിലയുടെ കാര്യത്തിലും പിന്തുടരുക.