മലയിൻകീഴ്:വിളപ്പിൽശാല കുന്നും പുറത്തെ സ്വകാര്യ സ്കൂളിന് സമീപത്തെ വീട്ടിലെ ഉപയോഗയോഗ്യമായ കിണറിൽ അറവ് മാലിന്യം നിക്ഷേപിച്ചതായി പരാതി. വിളപ്പിൽശാല കുന്നുംപുറത്തെ കൃപയിൽ ജി.ആർ. സുജയുടെ കിണറിലാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാംസാവശിഷ്ട്ടങ്ങൾ ചാക്കുകളിലായിട്ടാണ് കിണറ്റിൽ നിക്ഷേപിച്ചിരിക്കുന്നത്. വീട് വാടകയ്ക്ക് നൽകി ഇവർ കുടുംബസമേതം തമിഴ്നാട്ടിലാണ് താമസിക്കുന്നത്. വേനൽക്കാലത്ത് പോലും ഈ കിണറിലെ വെളളം വറ്റാറില്ല. കിണറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വാടകയ്ക്ക് താമസിക്കുന്നവരാണ് കിണറിൽ മാലിന്യം നിക്ഷേപിച്ച വിവരം ആദ്യമറിയുന്നത്. വിളപ്പിൽ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് സ്റ്റേഷൻ എന്നിവർക്ക് പരാതി നൽകി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. സമീപത്തെ അറവ് ശാലയിലെ മാലിന്യമാണ് രാത്രികാലങ്ങളിൽ വാഹങ്ങളിൽ കൊണ്ടു വന്നു കിണറ്റിൽ നിക്ഷേപിക്കുന്നതെന്ന് സുജ നൽകിയ പരാതിയിൽ പറയുന്നു. സമീപത്തെ സ്കൂൾ കുട്ടികളും നാട്ടുകാരം ഇതിന്റെ ദുർഗന്ധം കാരണം ബുദ്ധിമൂട്ടുന്നുണ്ട്. അടിയന്തിരമായി മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.