തിരുവനന്തപുരം: ദിവസങ്ങളായി കുടിവെള്ളം കിട്ടാതെവന്നതോടെ രോഷാകുലരായ നാട്ടുകാർ വാട്ടർ വർക്‌സ് സെക്ഷൻ ഓഫീസിൽ തള്ളിക്കയറി. പേരൂർക്കട മേഖലയിലെ എ.കെ.ജി നഗർ, ദർശൻ നഗർ, കൃഷ്ണ നഗർ, എൻ.പി.പി നഗർ എന്നിവിടങ്ങളിലെ താമസക്കാരാണ് ഇന്നലെ രാവിലെ പതിനൊന്നോടെ പേരൂർക്കട ഓഫീസിലെത്തി എ.ഇയെ ഉപരോധിച്ചത്. യാതൊരു അറിയിപ്പുമില്ലാതെ തുടർച്ചയായി രണ്ടുദിവസം ജലവിതരണം നിറുത്തിവച്ചതോടെ ഈ മേഖലയിലെ ജനങ്ങളാകെ വലഞ്ഞിരുന്നു. വാൽവ് അടച്ചതാണ് ജലവിതരണം തടസപ്പെടാൻ കാരണമായത്. വാട്ടർ അതോറിട്ടി ഒാഫീസിൽ പലതവണ വിവരം അറിയിച്ചെങ്കിലും നടപടിയെടുക്കാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. നാലുമാസം മുൻപും സമാന രീതിയിൽ ഈ മേഖലയിലേക്കുള്ള ജലവിതരണം പൂർണമായും നിറുത്തിവച്ചിരുന്നു. അന്ന് ഉന്നതാധികാരികളുടെ ഇടപെടലിനെ തുടർന്നാണ് വാൽവ് തുറന്ന് വെള്ളം നൽകിയതെന്നും നാട്ടുകാർ പറയുന്നു. നഗരത്തിലെ ഫ്ലാറ്റ് മേഖലയായ ടെക്‌നോപാർക്ക്, കുറവൻകോണം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വെള്ളത്തിന്റെ ലഭ്യത സുഗമമാക്കാനാണ് ഇവിടത്തെ വാൽവ് പൂട്ടിവയ്ക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഫ്ലാറ്റ് ഉടമകളുടെ സമ്മർദ്ദമാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്നും ഇവർ ആരോപിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ
എ.ഇയെ ഉപരോധിച്ചതിനെ തുടർന്ന് പേരൂർക്കട സി.ഐ സൈജുനാഥ്,വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ സന്തോഷ് എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്ന് ജലവിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
എ.കെ.ജി നഗർ റസി.അസോസിയേഷൻ സെക്രട്ടറി മോഹനൻ, ദർശൻ നഗർ റസി . അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഹരിഹരൻ, കൃഷ്ണ നഗർ റസി.അസോസിയേഷൻ സെക്രട്ടറി വില്യം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.