life-mission
life mission

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ട് ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി അവാർഡ് നൽകും.ലൈഫ് നിർമ്മിച്ച കരകുളം ഏണിക്കരയിലെ വീട്ടിൽ ഇന്ന് രാവിലെ 8.30ന് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും.

ലൈഫ് മിഷനിൽ 2,14,000ത്തിലേറെ വീടുകളാണ് പൂർത്തീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ചുള്ള ജില്ലാതല കുടുംബസംഗമത്തിൽ 35,000ത്തിലധികം പേർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളുടെ ഒത്തുചേരൽ വൈകുന്നേരം മൂന്ന് മുതൽ സംഘടിപ്പിക്കും. ഇന്ത്യയിൽ സർക്കാരുകളുടെ ഭവന നിർമ്മാണ പദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത് പൂർത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.

2017ൽ ആരംഭിച്ച ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ യാഥാർഥ്യമാക്കുന്നത് 2000-01 മുതൽ 2015-16 സാമ്പത്തിക വർഷം വരെ വിവിധ സർക്കാർ ഭവനനിർമ്മാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന വീടുകളാണ്. രണ്ടാംഘട്ടത്തിൽ,ഭൂമിയുള്ള ഭവനരഹിതരുടെയും, മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെയും ഭവനനിർമ്മാണമാണ് ലക്ഷ്യം.


വീട് നിർമ്മാണത്തിന് പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്ത് കുറഞ്ഞ നിരക്കിൽ സാമഗ്രികൾ വിതരണം ചെയ്യാനുള്ള നടപടികളും ലൈഫ് മിഷൻ കൈക്കൊണ്ടിരുന്നു. 20-60 ശതമാനം വരെ വില കുറച്ചാണ് ഇലക്ട്രിക്കൽ , വയറിംഗ് , പെയിന്റ്, സാനിറ്ററി ഉപകരണങ്ങൾ, സിമന്റ്, വാട്ടർ ടാങ്ക് തുടങ്ങിയവ ലഭ്യമാക്കിയത്.തൊഴിലുറപ്പ് ദിനങ്ങളിൽ 90 ദിവസം വീട് നിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്തു.വ്യക്തമായ മാനദണ്ഡങ്ങളനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും,.ലിസ്റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.