ലാൻഡ് റവന്യൂ കമ്മിഷണർക്കു കീഴിൽ പ്രവർത്തിച്ചിരുന്ന പന്ത്രണ്ട് ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ നിറുത്തലാക്കാനുള്ള തീരുമാനം ഉചിതമാണെന്നു പറയാം. കാരണം ഇവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുകയായിരുന്നു.
മാർച്ച് ഒന്നുമുതൽ ഇല്ലാതാകുന്ന ഭൂമി ഏറ്റെടുക്കൽ യൂണിറ്റുകളിൽ 187 ജീവനക്കാരാണുള്ളത്. ചെയ്യാൻ പണിയൊന്നുമില്ലെങ്കിലും കൃത്യമായി ശമ്പളം പറ്റുന്നവരാണിവർ. വിവിധ വികസന പദ്ധതികൾക്കായി ഏറ്റെടുക്കാൻ ധാരാളം ഭൂമി ഉണ്ടെങ്കിലും പല കാരണങ്ങളാൽ നടപടികൾ മുടങ്ങിക്കിടക്കുകയാണ്. പാറശാല മുതൽ കാസർകോടു വരെ ഇതാണു സ്ഥിതി. ലാൻഡ് റവന്യൂ കമ്മിഷണറുടെ കീഴിൽ പ്രവർത്തിച്ചുവന്ന ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ 'കിഫ്‌ബി"യെ ഏല്പിക്കാനാണു തീരുമാനം. പുതിയ വികസന പദ്ധതികൾക്ക് ഭൂമി കണ്ടെത്തുന്നതും ഏറ്റെടുക്കുന്നതുമൊക്കെ 'കിഫ്‌ബി"യെ ഏല്പിച്ച പശ്ചാത്തലത്തിലാണിത്. കിഫ്‌ബിക്ക് ആവശ്യമില്ലെന്നു കണ്ടാൽ ഈ ഓഫീസുകൾ പൂർണമായും ഇല്ലാതാകും. ജീവനക്കാരെ സർക്കാർ മറ്റ് ഓഫീസുകളിൽ പുനർ വിന്യസിക്കും. ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഓഫീസുകളുണ്ട്. അവ അതേപടി തുടരുമെന്നതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾക്ക് തടസമൊന്നും ഉണ്ടാകാനിടയില്ല.
ഭൂമി ഏറ്റെടുക്കുന്നതിലുണ്ടാകുന്ന അസാധാരണമായ കാലതാമസമാണ് സംസ്ഥാനത്ത് ഏതു വികസന പദ്ധതിയും നിന്നിടത്തു തന്നെ നിന്നുപോകാൻ കാരണം. ഭൂവിസ്തൃതിയിൽ ഏറെ പിന്നിലായതിനാൽ കുറഞ്ഞ അളവിൽ പോലും ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ വലിയ എതിർപ്പാണു ജനങ്ങളിൽ നിന്നുണ്ടാകുന്നത്. വൻതോതിൽ ഭൂമി വേണ്ടതായ വികസന പദ്ധതികളുടെ കാര്യം പറയുകയും വേണ്ട. ദേശീയപാത വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ ശനിദോഷം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. മൂന്നു പതിറ്റാണ്ടായി എങ്ങുമെങ്ങും എത്താതെ കിടക്കുകയാണത്. ആവശ്യമായ ഭൂമിയുടെ മുക്കാൽ പങ്ക് എടുത്തു കൈമാറിയാൽ പാത പണിക്കാവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയിൽ നിന്നു വാഗ്ദാനം ലഭിച്ചിട്ടുതന്നെ നാലുവർഷം കഴിഞ്ഞു. വടക്കൻ ജില്ലകളിൽ കുറെ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞെങ്കിലും തെക്കൻ ജില്ലകളിൽ ഏറ്റെടുക്കൽ ഒരിടത്തുമെത്തിയിട്ടില്ല. ഇപ്പോൾ ഒന്നും കേൾക്കാനുമില്ല. തലസ്ഥാന നഗരിയിലെ തിരക്കു കുറയ്ക്കാൻ വിഭാവന ചെയ്ത കഴക്കൂട്ടം - കാരോട് ബൈപാസ് നിർമ്മാണം എന്നേ പൂർത്തിയാകേണ്ടതായിരുന്നു. ഏറ്റെടുക്കേണ്ട ഭൂമിയുടെ കാര്യം വന്നപ്പോഴാണ് അവിടെയും തടസങ്ങൾ തലപൊക്കിയത്. മുക്കാൽ ഭാഗവും പണി തീർന്നിട്ടും ബൈപാസ് ആരംഭിക്കുന്ന കഴക്കൂട്ടത്ത് ഫ്ളൈ ഓവർ നിർമ്മാണത്തിനാവശ്യമായ സ്ഥലത്തെച്ചൊല്ലി വീണ്ടും കശപിശ ഉണ്ടായതിനാൽ ഫ്ളൈ ഓവർ നിർമ്മാണം വൈകിയേ തുടങ്ങാനായുള്ളു. നാലുവരി പാത പൂർത്തിയായപ്പോഴാണ് ഫ്ളൈ ഓവർ വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്. നിർമ്മാണം പൂർത്തിയായ നാലുവരിപ്പാതയുടെ ഒരു ഭാഗം ഇടിച്ചുപൊളിച്ച് ഫ്ളൈ ഓവർ നിർമ്മാണം നടക്കുകയാണിപ്പോൾ. ആസൂത്രണ വൈകല്യത്തിന്റെ നേർ മാതൃകയാണ് കഴക്കൂട്ടത്ത് ഇപ്പോൾ കാണുന്നത്. സംസ്ഥാനത്തുടനീളം പാത വികസനത്തിനായുള്ള ധാരാളം പദ്ധതികൾ 'കിഫ്‌ബി"യുടെ നാൾവഴിയിലുണ്ട്. അവയ്ക്കൊക്കെ വൻതോതിൽ ഭൂമി ആവശ്യമാണ്. തിരുവനന്തപുരത്തു തന്നെ വിഴിഞ്ഞത്തു നിന്ന് നാവായിക്കുളത്ത് അവസാനിക്കുന്ന റിംഗ് റോഡ് പ്രവൃത്തിപഥത്തിലെത്തിക്കാനും ഏക്കർ കണക്കിനു ഭൂമി വേണ്ടിവരും. ഏറ്റെടുക്കുന്ന ഭൂമിക്ക് ഇക്കാലത്ത് മികച്ച വിലയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. അതിനാൽ ഭൂമി ഏറ്റെടുക്കലിനോട് ജനങ്ങൾക്ക് പണ്ടത്തെയത്ര എതിർപ്പുണ്ടാകാനിടയില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കണമെന്നു മാത്രം. ഭൂമി ഏറ്റെടുക്കൽ യൂണിറ്റിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് വികസന പദ്ധതികൾക്കാവശ്യമായ ഭൂമി വേഗത്തിൽ ഏറ്റെടുക്കാനാകും. ചിട്ടയോടെ പ്രവർത്തിച്ചാൽ സാങ്കേതിക തടസങ്ങൾക്ക് അപ്പപ്പോൾ പരിഹാരമുണ്ടാക്കാനും കഴിയും. കൂടിയാലോചനയും അനുരഞ്ജനവും ഫലപ്രദമായാൽ പല തടസങ്ങളും ഒഴിവാക്കാം. സ്ഥലം എടുപ്പിന്റെ പേരിൽ നിലച്ചുപോയ നിരവധി പദ്ധതികൾ സംസ്ഥാനത്ത് എവിടെയും കാണാം. ബൈപാസുകൾ, റെയിൽവേ മേൽപ്പാലങ്ങൾ, തീരദേശ പാതകൾ, ദേശീയ ജലപാത തുടങ്ങി അനവധി പദ്ധതികൾ ഇടയ്ക്കുവച്ചു നിലച്ചുപോയത് ഭൂമി പ്രശ്നത്തിലാണ്.
ഏറ്റെടുക്കാൻ പ്രവൃത്തിയൊന്നുമില്ലാതായതിന്റെ പേരിൽ വെറുതേ ഇരുത്തി മുടങ്ങാതെ ശമ്പളം നൽകുന്ന സ്ഥിതി ഒഴിവാക്കാൻ പുനരധിവാസമാണ് ഉചിതമായ മാതൃക. ഭൂമി ഏറ്റെടുക്കൽ യൂണിറ്റുകളിലെന്ന പോലെ പല വകുപ്പുകളിലും ധാരാളം പേർ പണിയൊന്നുമില്ലാതെ പണിയെടുക്കുന്നവരായി ഉണ്ട്. അവരുടെ സേവനം കൂടി ഉപയോഗപ്പെടുത്താൻ സർക്കാരിനു കഴിയണം.
.............................................................................................................................................................................................................................
ദേശീയ പാത വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ ശനിദോഷം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. മൂന്നു പതിറ്റാണ്ടായി എങ്ങുമെങ്ങും എത്താതെ കിടക്കുകയാണത്. ആവശ്യമായ ഭൂമിയുടെ മുക്കാൽ പങ്ക് എടുത്തു കൈമാറിയാൽ പാത പണിക്കാവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയിൽ നിന്നു വാഗ്ദാനം ലഭിച്ചിട്ടുതന്നെ നാലുവർഷം കഴിഞ്ഞു.