പൂവാർ: നെയ്യാർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പൂവാർ ഈസ്റ്റ് കനാലിന്റെ നെടിയവിളയിൽ നിന്ന് പറയൻവിളയിലേക്കുള്ള കനാൽ ബണ്ട് സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. സർവ്വേ കല്ലുപിഴുതു മാറ്റിയിട്ടാണ് അവധി ദിവസംനോക്കി ബണ്ടു കൈയേറി മതിൽ കെട്ടിയതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
തിരുപുറം ഗ്രാമ പഞ്ചായത്തിലെ ഇരുവൈക്കോണം വാർഡ് പ്രദേശമാണ് പറയൻവിള. നെടിയവിളയിലെ താമസക്കാർ റോഡിലെത്താൻ പ്രധാനമായും ആശ്രയിക്കുന്നത് കനാൽ ബണ്ടാണ്. രോഗികളെയും പ്രായം ചെന്നവരെയും ആശുപത്രിയിലെത്തിക്കാനും, ടൂ വീലറുകൾക്കും ഇതല്ലാതെ വേറെ വഴിയില്ല. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് 12 മീറ്റർ വീതിയിൽ സ്ഥലം പൊന്നും വിലയ്ക്കെടുത്താണ് കനാൽ നിർമ്മിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ അനധികൃത നിർമ്മാണത്തെ ചോദ്യം ചെയ്തിരുന്നു. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൈയേറ്റക്കർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും, കനാൽ ബണ്ട് അളന്ന് അതിരുകല്ല് പുന:സ്ഥാപിക്കണമെന്നും തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്തുദാസ് ആവശ്യപ്പെട്ടു.