കിളിമാനൂർ: ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിട്ടിയുടെ കീഴിൽ കിളിമാനൂർ തൊളിക്കുഴി വഴി കടയ്ക്കലേക്കും,കല്ലറ ഭാഗത്തേയ്ക്കുമുള്ള സ്വകാര്യ ബസുകൾ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പതിവായി ചില സർവീസുകൾ ഓടുന്നില്ലെന്ന പരാതി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. സർവീസ് മുടക്കുന്നത് ചോദ്യം ചെയ്യുന്ന യാത്രക്കാരോട് ബസ് ജീവനക്കാർ മോശമായി പെരുമാറുന്നതും പതിവായിരിക്കുകയാണ്. സ്വകാര്യബസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കും, സ്കൂളുകളിലേക്കും, ആശുപത്രികളിലേക്കും, ഓഫീസുകളിലേക്കും പോകുന്നതിന് പ്രയാസം നേരിടുന്നു. മണിക്കൂറുകൾ ഇടവിട്ടാണ് ഓരോ സ്വകാര്യബസുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. അവയും തോന്നുംപോലെ സർവീസ് മുടക്കുന്നത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിക്കുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ഈ റൂട്ടിൽ ബസ് സർവീസുകൾ ഇല്ല. സാധാരണക്കാരായ ജനങ്ങൾ നടന്നും, അധിക രൂപ കൊടുത്ത്‌ ഓട്ടോയിലുമൊക്കെയാണ് കിളിമാനൂരിലേക്കും, കടയ്ക്കലേക്കും, കല്ലറയിലേക്കും പോകുന്നത്. കിളിമാനൂരിൽ നിന്ന് തൊളിക്കുഴിയിലേക്കും തിരിച്ചും ജീപ്പുകൾ സമാന്തര സർവീസുകൾ നടത്തുമായിരുന്നു. എന്നാൽ ഇപ്പോൾ അവയും സർവീസ് നടത്താത്തതിനാൽ യാത്രക്കാർ കഷ്ടപ്പെടുകയാണ്. ബസുകൾ അവരുടെ സൗകര്യം നോക്കിയും, യാത്രക്കാരുടെ എണ്ണം നോക്കിയും മാത്രമാണ് ട്രിപ്പുകൾ ഓടുന്നത്. പെർമിറ്റ് അനുസരിച്ചല്ല സർവീസ് നടത്തുന്നത്. റൂട്ടുകൾ സ്വയം വെട്ടിച്ചുരുക്കി ജീവനക്കാർക്ക് സൗകര്യപ്രദമാവുന്ന സ്ഥലങ്ങളിൽ സ്റ്റേ ചെയ്യുന്നു. റൂട്ടിലോടുന്ന പത്തോളം ബസുകൾ ഈ രീതിയാണ് അവലംബിക്കുന്നത്. വേഗപ്പൂട്ട് ,സമയക്രമം,യൂണിഫോം,ലൈസൻസുകൾ,നെയിംബോർഡുകൾ തുടങ്ങിയ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെയാണ് ഇവ സർവീസ് നടത്തുന്നത്.നിരവധി പരാതികൾ നൽകിയിട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നില്ല. സ്വകാര്യബസ്സുകളുടെ ഇത്തരം നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ ഗതാഗത വകുപ്പ് മന്ത്രിക്കും, സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്കും,റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കും പരാതി നൽകിയിരിക്കുകയാണ്.

പെർമിറ്റ് അനുസരിച്ച് സ്വകാര്യ ബസുകൾ ഓടിക്കുന്നതിന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരനടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കും.

തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് ഭാരവാഹികൾ

 പ്രധാന പ്രശ്നങ്ങൾ

സർവീസുകൾ ഇല്ലാത്ത റൂട്ട്

കിളിമാനൂരിലും കടയ്ക്കലും കല്ലറയും

സർവീസില്ലാത്ത സമയം

വൈകിട്ട് 6 മണിക്ക് ശേഷം

ബാധിക്കുന്നത്

വിദ്യാർത്ഥികൾ, രോഗികൾ, ഉദ്യോഗസ്ഥർ