ആര്യനാട്: പൂവച്ചൽ പഞ്ചായത്തിലെ ഓണംകോട് -കല്ലാമം സർവീസുകൾ കെ.എസ്.ആർ.ടി.സി നിറുത്തിയതോടെ ജനം പെരുവഴിയിലായി. ഈ പ്രദേശങ്ങളിലേയ്ക്ക് ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുമാണ് വർഷങ്ങളായി സർവീസുകൾ നടത്തിയിരുന്നത്. ഇതുവഴിയുണ്ടായിരുന്ന ജനങ്ങളുടെ ഏക ആശ്രയമായിരുന്ന സർവീസുകൾ നിറുത്തലാക്കിയതോടെ ജനം കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ്.

എം പാനനൽ കണ്ടക്ടർമാരെ പിരിച്ച് വിട്ടപ്പോൾ ഷെഡ്യൂളുകൾ ചിലത് തുടങ്ങണ്ടായെന്ന ചീഫ് ഓഫീസ് ഉത്തരവിനെ തുടർന്നാണ് ഡിപ്പോ അധികൃതർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

പൂവച്ചൽ കാട്ടാക്കട പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന പ്രദേശങ്ങളാണ് കല്ലാമവും ഓണം കോടും.

മലയോര-പിന്നോക്ക പ്രദേശങ്ങളായ ഇവിടെ ആകെയുണ്ടായിരുന്നത് കെ.എസ്.ആർ.ടി.സി സർവീസുകൾ മാത്രമാണ്. അതും ആര്യനാട് ഡിപ്പോയിലെ ബസുകൾ. മറ്റ് ഡിപ്പോകളിലെ ബസോ സമാന്തര സർവീസുകളോ ഇതുവഴിയില്ല. നിറുത്തലാക്കിയ ബസ് സർവീസ് പുനഃരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

15 വർഷത്തോളം ഓണാംകോട് സർവീസ് നല്ല കളക്ഷനാണ് നേടിയത്. അഞ്ച് വർഷം മുൻപ് വരെ ദിനം പ്രതി 10,000 രൂപ വരെ കളക്ഷൻ ഉണ്ടായിരുന്നതായി ജീവനക്കാർ തന്നെ പറയുന്നു. കണ്ടക്ടർമാരെ തിരിച്ചെടുത്തിട്ടും നിറുത്തലാക്കിയ സർവീസ് പുനഃസ്ഥാപിക്കാത്തതിൽ ജനങ്ങളുടെ ഇടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വാർഡ് മെമ്പർ രാജേശ്വരിയും ജനങ്ങളും സോണൽ ഓഫീസിലും ചീഫ് ഓഫീസിലും കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല.