feb28a

ആറ്റിങ്ങൽ: കൃഷിയാണ് ലഹരി"എന്ന മുദ്രാവാക്യം ഉയർത്തി ആറ്റിങ്ങൽ ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റും വിദ്യാർത്ഥികളും അദ്ധ്യാപകരും കൃഷി ഭവനും സംയുക്തമായി തരിശു ഭൂമിയിൽ ആരംഭിച്ച നെൽ കൃഷിയ്ക്ക് നൂറുമേനി വിളവ്. ഇതിന്റെ വിളവെടുപ്പ് കതിരോത്സവമായി ആഘോഷിച്ചത് ആവേശമായി.

വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും പൂർവ വിദ്യാർത്ഥികളും ജനപ്രതിനിധികളുമാണ് കതിരോൽസവത്തിൽ പങ്കെടുത്തത് .

കോളേജിൽ തരിശുകിടന്ന ഭൂമി പ്രിൻസിപ്പാൾ ഡോ. വി മണികണ്ഠൻ നായരുടെയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സരുൺ. എസ്. ജി, കെ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൃഷിക്കനുയോജ്യമായ ഭൂമി ആക്കി മാറ്റി .

ജലസേചനത്തിനായി പാടത്തിനു സമീപം ഉണ്ടായിരുന്ന പഴയ കുളം വൃത്തിയാക്കി. ആറ്റിങ്ങൽ കൃഷിഭവന്റെ സഹായത്തോടെ പാടത്ത് ഉമ എന്ന വിത്ത് പാകി നടുകയായിരുന്നു. നെൽകൃഷി കൂടാതെ വാഴ, മരച്ചീനി തുടങ്ങിയ കൃഷികളും കോളേജിൽ ആരംഭിച്ചിട്ടുണ്ട്. മൺമറഞ്ഞു പോകുന്ന കാർഷിക സംസ്കാരത്തിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ച്

ആനയിക്കുന്നതിനു വേണ്ടിയാണ് കോളേജിൽ കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കലാലയത്തിലെ കതിരോത്സവം 20 മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വി. മണികണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. നൊസ്റ്റാൾജിയ ജനറൽ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, കൃഷി ഓഫീസർ പുരുഷോത്തമൻ, എൻ എസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സരുൺ. എസ്. ജി. ഗോപകുമാർ. കെ, ഡോ. കെ പ്രദീപ് കുമാർ, ഡോ.എസ് അനിത, സിബു കുമാർ, മണികണ്ഠൻ, ഡോ. സജീവ്, ഡോ.രാഗേഷ് കെ, സന്ധ്യ ജെ. നായർ കോളേജ് യൂണിയൻ ചെയർമാൻ അനന്ദു ഡി എസ്, ജനറൽ സെക്രട്ടറി അജിത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.