പാലോട്: ഗ്രാമപ്രദേശങ്ങളിലെ സ്കൂൾ മേഖലകളിൽ പൂവാലശല്യം രൂക്ഷമായതായി പരാതി. മദ്ധ്യവേനലവധിക്കായി സ്കൂളുകൾ അടയ്ക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പൂവാലശല്യം രൂക്ഷമായിട്ടുള്ളതെന്നാണ് പരാതി. രാവിലെയും വൈകിട്ടും ഇരുചക്രവാഹനങ്ങളിൽ കറങ്ങുന്ന പൂവാലൻമാർ കാരണം വിദ്യാർത്ഥികൾ പൊറുതിമുട്ടിയിരിക്കുകയാണ്. സ്കൂളിന് മുന്നിലൂടെയുള്ള ഇവരുടെ ബൈക്ക് റൈസിംഗ് നിത്യ കാഴ്ചയാണ്. മാസങ്ങൾക്ക് മുൻപ് ബൈക്ക് റൈസിംഗിനിടെ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചിരുന്നു. അന്ന് പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. എന്നാൽ പട്രോളിംഗ് കുറഞ്ഞതോടെ വീണ്ടും ശല്യം വർദ്ധിച്ചു. സ്കൂളുകൾ അടയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരക്കാരെ നിയന്ത്രിക്കാൻ പൊലീസ് പരിശോധന ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും ആവശ്യം.