തിരുവനന്തപുരം: രാജ്യത്താകെ വർഗീയകലാപം നടത്താൻ സംഘപരിവാർ ശ്രമിക്കുന്നുവെന്നാരോപിച്ച് മാർച്ച് 5 ന് വൈകിട്ട് അഞ്ചിന് ഏരിയാ കേന്ദ്രങ്ങളിൽ ജനജാഗ്രതാ സദസ് സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഗുജറാത്തിലെ വംശഹത്യയ്ക്ക് സമാനമായ രീതികളിൽ അങ്ങേയറ്റം ആസൂത്രിതമായാണ് ഡൽഹിയിലും കലാപം സൃഷ്ടിച്ചത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണഘടനാപരമായി ഉത്തരവാദിത്വമുള്ള സർക്കാർ കാഴ്ചക്കാരായി കലാപകാരികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകി. ആക്രമണത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റി. ജനങ്ങളിൽ ഒരു വിഭാഗത്തെ വർഗീയഭ്രാന്തുള്ളവരാക്കി മാറ്റി എന്തും ചെയ്യാൻ മടിയില്ലാത്തവരാക്കാൻ ശ്രമിക്കുന്നു. വർഗീയ പരാമർശങ്ങളിലൂടെ ആക്രമണത്തിന് ആഹ്വാനം ചെയ്ത മലയാളിയെ കേന്ദ്രമന്ത്രി തന്നെ ന്യായീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയത്.
ഇസ്ലാമികമായ കേന്ദ്രീകരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ വളർച്ചയ്ക്കുള്ള അവസരമായി ഈ സന്ദർഭത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്ന ശക്തികളേയും ഒറ്റപ്പെടുത്തേണ്ടതുണ്ട് ഹിന്ദു രാഷ്ട്രവാദത്തിന് ബദൽ ഇസ്ലാമിക രാഷ്ട്രമല്ല. മതന്യൂനപക്ഷ ജനവിഭാഗങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ കൂട്ടായ്മക്കേ ഇന്ത്യയെ രക്ഷിക്കാനാവൂ.