വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ എലിയൻവിളാകം താന്നിമൂട് കട്ടിംഗ് വരെയുള്ള പ്രധാന റോഡ് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന് പരാതി. എലിയൻവിളാകത്തെ റോഡിന് പൊതുവേ വീതി കുറവായതിനാൽ അപകടസാദ്ധ്യതയും നിലനിൽക്കുന്നു. കൊടും വളവും മരച്ചില്ലകൾ കാഴ്ച മറയ്ക്കുന്നതിനാൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. താന്നിമൂട് പ്രാഥമികാരോഗ്യ കേന്ദ്രം, ചെറുന്നിയൂർ എച്ച്.എസ്, മുടിയക്കോട് യു.പി.എസ്, താന്നിമൂർ എൽ.പി.എസ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള പ്രധാന റോഡാണ് തകർന്ന് കിടക്കുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്തധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് താന്നിമൂട് ബൂത്ത് പ്രസിഡന്റ് എൻ. മനോഹരൻ പഞ്ചായത്തിൽ പരാതി നൽകി.