തിരുവനന്തപുരം : എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ നഗരത്തിൽ 8508 പേർക്ക് അടച്ചുറപ്പുള്ള വീടായി. സംസ്ഥാനത്ത് പദ്ധതിയിലൂടെ ഏറ്റുവും കൂടുതൽ ഗുണഭോക്താക്കളെ സൃഷ്ടിച്ച നഗരസഭയെന്ന പേരും ഇതോടെ തലസ്ഥാന നഗരം സ്വന്തമാക്കി. ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച രണ്ടു ലക്ഷം വീടുകളുടെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടത്ത് നിവഹിക്കുമ്പോൾ തലസ്ഥാനത്തിനും അഭിമാനനിമിഷമാണെന്ന് മേയർ കെ.ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ ഘട്ടങ്ങൾ
ആദ്യ രണ്ട് ഘട്ടങ്ങളിലായി ആകെ 12833 ഗുണഭോക്താക്കളാണുള്ളത്
അവശേഷിക്കുന്നവരുടെ വീടുകൾ ഉടൻ പൂർത്തിയാക്കും
വിവിധ പദ്ധതികളിലുൾപ്പെടുത്തിയിട്ടും പൂർത്തീകരിക്കാനാകാത്ത വീടുകളും പൂർത്തീകരിക്കുകയായിരുന്നു ആദ്യഘട്ടം
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുവയ്ക്കുന്നവർക്ക് അധിക ധനസഹായം ലഭ്യമാക്കി വീടുകൾ പൂർത്തീകരിക്കുന്നതാണ് രണ്ടാം ഘട്ടം
നഗരത്തിൽ 8508 വീടുകൾ പൂർത്തിയാക്കി
മൂന്നാംഘട്ടത്തിലേക്ക് 18018 ഗുണഭോക്താക്കളെ കണ്ടെത്തി
ഉപഭോക്താവിന് ലഭിക്കുന്ന തുക
കേന്ദ്രവിഹിതം 1.5ലക്ഷം
സംസ്ഥാനവിഹിതം 50000 രൂപ
രണ്ട് ലക്ഷം രൂപ നഗരസഭ നൽകും
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 24390 രൂപ
മൂന്നു കേന്ദ്രങ്ങളിൽ ഫ്ളാറ്റ് സമുച്ചയം
ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി നഗരത്തിൽ മൂന്ന് സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം ഉയരും.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള കരിമഠം കോളനി പ്രദേശത്ത് 50 സെന്റ് സ്ഥലം കോസ്റ്റ്‌ഫോർഡിന് കൈമാറി നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചതായി മേയർ അറിയിച്ചു. ഇതുകൂടാതെ കല്ലടിമുഖം, പൂങ്കുളം എന്നിവിടങ്ങളിലും സമുച്ചയങ്ങൾ ഒരുക്കും. മാർച്ചിൽ നിർമ്മാണം തുടങ്ങി ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.