കല്ലമ്പലം: അന്തർ സംസ്ഥാന ചന്ദനത്തടി മോഷ്ടാവ് വാഹന പരിശോധനയ്ക്കിടെ പിടിയിൽ. കന്യാകുമാരി തിരുപ്പാലൂർ കുണ്ടുവിള വീട്ടിൽ മുരുകൻ (60) ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസ് സബ് ഇൻസ്പെക്ടർ നിജാമും സംഘവും കഴിഞ്ഞ ദിവസം പുലർച്ചെ നാവായിക്കുളത്ത് വാഹനപരിശോധന നടത്തുന്നതിനിടയിൽ പ്രതികൾ സ്കൂട്ടറിൽ ബാഗിലും ചാക്കിലും ചന്ദന തടികളുമായി വരികയായിരുന്നു. സംശയം തോന്നി പൊലീസ് കൈകാണിച്ച സമയം സ്കൂട്ടർ നിറുത്തുകയും ഓടിച്ചിരുന്നയാൾ രക്ഷപ്പെടുകയുമായിരുന്നു. തമിഴ്നാട് കുലശേഖരം സ്വദേശിയായ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. പിറകിലിരുന്നയാളെ തടഞ്ഞ് നിറുത്തി പരിശോധിച്ചപ്പോഴാണ് ചന്ദനമരം മുറിച്ചു കടത്തുകയായിരുന്നെന്ന് മനസിലായത്. മുറിക്കാനുപയോഗിച്ച വാളും ഇയാളിൽ നിന്ന് പിടികൂടി. കൂടുതൽ ചോദ്യം ചെയ്യലിൽ വാഹനവും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ചന്ദനമരം ഡീസന്റ് മുക്ക് ഐരമൺനില കുന്നുവിള വീട്ടിൽ അൻസാരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന് വിപണിയിൽ 30000 രൂപ വിലവരും. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസ് സംശയിക്കുന്നു. രണ്ടാഴ്ച്ച മുമ്പ് കുടവൂർ സ്വദേശിയുടെ വസ്തുവിൽ നിന്ന ചന്ദനമരവും രാത്രിയിൽ സമാന രീതിയിൽ ആരോ മുറിച്ചു കടത്തിയിരുന്നു.