ponkalathengum

മുടപുരം: തെങ്ങുംവിള അമ്മയുടെ തിരുമുന്നിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇന്നലെ അശ്വതി പൊങ്കാല അർപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരങ്ങളുടെ കൂപ്പുകൈയ്ക്ക്‌ മുന്നിൽ ദേവീ കടാക്ഷത്തോടെ ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരിയാണ് പണ്ടാര അടുപ്പിൽ തീ പകർന്നത്. അതിൽ നിന്നും ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു. പൊങ്കാല നിവേദ്യം സമർപ്പിക്കാൻ എത്തിയ ഭക്തർക്ക് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ലഘുഭക്ഷണവും പാനീയവും നൽകി. മുടപുരം, മുട്ടപ്പലം, കൊച്ചാലും മൂട് ജംഗ്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോ ഡ്രൈവർമാർ ഇവർക്കായി സൗജന്യ യാത്രയും ഒരുക്കിയിരുന്നു. സേവാ ഭാരതിയുടെ ആംബുലൻസ് ക്ഷേത്രത്തിൽ സൗജന്യ സേവനം ഒരുക്കിയിരുന്നു. ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് ഭരണി മഹോത്സവമാണ്. രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും, 8.30ന് എഴുന്നെള്ളത്ത്, ഉച്ചക്ക് 1ന് ഗരുഡൻ തൂക്കവും കുത്തിയോട്ടവും ആരംഭിക്കും. വൈകിട്ട് 4ന് ശിങ്കാരി മേളം, രാത്രി 7ന് സംഗീത സദസ്, 10ന് പിന്നണി ഗായകൻ റഹ്‌മാൻ നയിക്കുന്ന തിരുവനന്തപുരം ഗ്രേയ്സ് വോയിസിന്റെ സൂപ്പർ ഹിറ്റ് ഗാനമേള, 11ന് ചമയ വിളക്ക്. തുടർന്ന് കൊടിയിറക്ക് വലിയകാണിക്ക, ആചാരവെടിക്കെട്ട്. ഉത്സവത്തോടനുബന്ധിച്ച് 9 കരകളിൽ നിന്നുമുള്ള ഘോഷയാത്രകൾ ഇന്ന് പുലർച്ചെ 3മണിക്ക് ക്ഷേത്ര പറമ്പിൽ സംഗമിച്ചു. ഉരുൾ വ്രതക്കാർക്കൊപ്പം വിവിധ വാദ്യമേളങ്ങൾ, നാടൻകലാരൂപങ്ങൾ, ആന,താലപ്പൊലി, തെയ്യം തുടങ്ങിയവ വർണശബളമായ കാഴ്ചയൊരുക്കി.