devananda
ദേവനന്ദയുടെ മൃതദേഹം വാക്കനാട് സരസ്വതി വിദ്യാ നികേതനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യേപചാരം അർപ്പിക്കുന്ന സഹപാഠികൾ

തിരുവനന്തപുരം: ''കൊല്ലത്ത് മരിച്ച കൊച്ചിനെ എവിടെ കൊണ്ടു വരും മോനേ...', പൂന്തുറയിൽ നിന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ എഴുപതുകാരി മറിയാമ്മ സെക്യൂരിട്ടിക്കാരനോട് ചോദിച്ചു. അയാൾ മോർച്ചറിയിലേക്കുള്ള വഴി കാണിച്ചു മോർച്ചറിക്ക് മുന്നിൽ വൻജനക്കൂട്ടം. കുട്ടികളും,മുതിർന്നവരും,രോഗികളും, കൂട്ടിരിപ്പുകാരുമൊക്കെയുണ്ട്

മോർച്ചറിക്ക് മുന്നിലെ തിരക്ക് കൂടി..11.50 ന് ദേവനന്ദയുടെ ചിത്രം പതിച്ച മാരുതി വാൻ ആംബുലൻസ് എത്തി.ആളുകൾ ഓടിക്കൂടി. പിന്നാലെ പൊലീസും .മെബൈൽ ഫോണിലെ കാമറ ഓൺ ചെയ്തു പൊക്കിപ്പിടിച്ചുകൊണ്ടായിരുന്നു ചിലരുടെ ഒാട്ടം.'ആരും മൊബൈൽ ഫോൺ എടുക്കരുത്' സെക്യൂരിട്ടിക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു.

തുണിയിൽ പൊതിഞ്ഞ ദേവനന്ദയുടെ മൃതശരീരം രണ്ട് ഷാൾ കൊണ്ട് കെട്ടിയിരുന്നു. ആംബുലൻസിൽ എത്തിയവരും ആശുപത്രി ജീവനക്കാരും ചേർന്ന് ചേതയറ്റ ശരീരം അകത്തേക്കു കൊണ്ടു പോയി. അവിടെ കൂടി നിന്നവരെയെല്ലാം ഒരു വശത്തേക്ക് മാറ്റുന്നതിനിടയിൽ പൊലീസ് മറിയാമ്മയോട് ചോദിച്ചു 'നിങ്ങളെന്തിനാ ഇവിടെ ഇരിക്കുന്നേ?' ''കൊച്ചിനെ കാണാൻ വന്നതാ സാറെ''. കൊച്ചിനെയൊന്നും കാണാൻ പറ്റില്ലെന്ന് പൊലീസ്. മറിയാമ്മ എണീറ്റ് മാറിയിരുന്നു. .ഇതിനിടെ, മന്ത്രി തോമസ് ഐസക്ക്, മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവരെത്തി ദേവനന്ദയ്ക് ആദരാഞ്ജലികളർപ്പിച്ചു.

ദേവാനന്ദയുടെ വലിയ ചിത്രമുള്ള ഫ്ലക്സ് ആംബുലൻസിനു മുന്നിൽ കെട്ടി.ഉച്ചയ്ക്ക് 2.17 ന് പോസ്റ്റുമാർട്ടം കഴിഞ്ഞ് ചെറിയൊരു പേടകത്തിൽ ദേവനന്ദയുടെ മൃതദേഹം പുറത്തേക്കു കൊണ്ടു വന്നു. തൂവെള്ളത്തുണിയിൽ കുഞ്ഞുമാലാഖയെ പോലെ അവൾ കണ്ണടച്ചു കിടക്കുന്നു. കണ്ടവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. തേങ്ങലുകൾ നിലവിളികളായി . ആംബുലൻസ് മുന്നോട്ട്. മരണ വീട്ടിൽ നിന്ന് ആളൊഴിയും പോലെ കൂടിയവരെല്ലാം പിരിഞ്ഞു. ''എന്റെ കൊച്ചു മക്കൾ സ്കൂളിൽ നിന്ന് വരുന്നതിന് മുൻപ് വീടെത്തണം. ഒരാൾക്ക് ഈ കുഞ്ഞിന്റെ പ്രായമാണ്...'', തേങ്ങലടക്കി മറിയാമ്മ സ്‌പെഷ്യാലിറ്റി ബ്ളോക്കിന്റെ ഭാഗത്തേക്ക് നടന്നു