തിരുവനന്തപുരം: കള്ളിക്കാട് കുന്നിൽ മഹാദേവ ക്ഷേത്രഭൂമി ജല അതോറിട്ടി കൈയേറി കെട്ടിടം നിർമ്മിച്ചെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് വികാസ് ഭവൻ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി നേതാവ് ജെ.ആർ. പത്മകുമാർ മാർച്ച് ഉദ്ഘാടനം ചെയ്‌തു. നാലു പതിറ്റാണ്ടുകാലം പ്രതിഷ്ഠ നടത്തി ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് പൊലീസും ജല അതോറിറ്റിയും ചേർന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷനായി. ദേശീയ സമിതി അംഗം കരമന ജയൻ, മുൻ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, പാറശാല മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കിളിമാനൂർ സുരേഷ്, ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിമി ജ്യോതിഷ്, കള്ളിക്കാട് രാധാകൃഷ്ണൻ, പൂന്തുറ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.