വെള്ളറട: വേനൽ കടുത്തതോടെ മലയോരത്തെ ചെറുനീരുറവകളും അരുവികളും വറ്റിവരണ്ടു ഇതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. സ്വന്തമായി കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത മലയോര പഞ്ചായത്തായ വെള്ളറടയിൽ മലയടിവാരങ്ങളിലും കുന്നുകൾകുമുകളിലും താമസിക്കുന്നവരാണ് ഏറ്റവും അധികം കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മഴയത്ത് നീരുറവകളിൽ കെട്ടികിടന്ന വെള്ളമെല്ലാം വേനൽ ശക്തമായതോടെ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ശേഖരിക്കേണ്ട അവസ്ഥയാണ്. വേനൽ ശക്തമാകുന്നതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണിപ്പോൾ. വെള്ളറടയിൽ വർഷങ്ങൾക്കു മുൻമ്പ് ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതി ഏതാനും വർഷങ്ങൾക്കു മുൻമ്പാണ് ഉപേക്ഷിച്ചത്. കാളിപ്പാറയിൽ നിന്നും പമ്പ്ചെയ്യുന്ന ജലം അമ്പൂരിയിലെ സംഭരണിയിൽ ശേഖരിച്ച് വിതരണം ചെയ്യാനാണ് ആധികൃതരുടെ തീരുമാനം. എന്നാൽ പദ്ധതിയുടെ പ്രയോജനം പഞ്ചായത്തുകൾക്കു മുഴുവൻ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്തുകളിൽ സ്വന്തമായി കുടിവെള്ള പദ്ധതികൾ തുടങ്ങണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. താത്കാലികമായെങ്കിലും കടുത്ത വേനലിൽ ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണത്തിനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ ജനം കുടിനീരിനായി വലയും.

പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ചിറത്തലയ്ക്കൽ കുടിവെള്ള പദ്ധതി പാതി വഴിയിൽ നിലച്ചു. ജനങ്ങൾക്ക് പദ്ധതി വഴി നൽകിയിരുന്ന വെള്ളം ഗാർഹിക ഉപയോഗത്തിന് അനിവാര്യമില്ലെന്ന് കാണിച്ച് പരാതികൾ ഉയർന്നതോടെ ജല വിതരണം നിറുത്തി. എന്നാൽ വീണ്ടും പദ്ധതി വഴി വെള്ളം നൽകിയെങ്കിലും കുണനിലവാരമില്ലാത്തതാണെന്ന് പരാതി വീണ്ടും വന്നതോടെ പദ്ധതി പൂർണമായും നിറുത്തി.

പിന്നീട് നെയ്യാർഡാമിൽ നിന്നുള്ള കാളിപ്പാറ പദ്ധതിയായി നാട്ടുകാരുടെ പ്രതീക്ഷ. പദ്ധതി വഴി വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ മുഴുവൻ ശുദ്ധജല വിതരണം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു ജനം. തുകാരണം പഞ്ചായത്തികൾ സ്വന്തമായി ഉണ്ടായിരുന്ന കുടിവെള്ള പദ്ധതികൾ പാടെ ഉപേക്ഷിച്ചു. എന്നാൽ കാളിപ്പാറയിൽ നിന്നുള്ള ജല വിതരണം തുടങ്ങിയെങ്കിലും വെള്ളറടയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം ഇതുവരെയും എത്തിയിട്ടില്ല. പ്രദേശത്തെ പല ഭാഗത്തും പൈപ്പ് ലൈനുകൾ ഇതുവരെ സ്ഥാപിച്ചിട്ടുമില്ല.