കോട്ടയം: കിണറിന്റെ ഭിത്തികൾ ചെത്തിയൊരുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു.കിടങ്ങൂർ സൗത്ത് പൂവത്താനം സാജു (46), പുന്നത്തുറ ഈസ്റ്റ് മഴുവൻചേരി കാലായിൽ ജോയി (48 ) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയോടെ അയർക്കുന്നം പുന്നത്തുറ കല്ലിട്ടുകടവിന് സമീപത്തെ പണ്ടാരശേരി ശശീന്ദ്രന്റെ വീട്ടിലായിരുന്നു സംഭവം. കോൺക്രീറ്റ് റിംഗിറക്കുന്നതിനായി കിണറിന്റെ ഭിത്തികൾ ചെത്തിയൊരുക്കുന്നതിനിടെ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. മറ്റു തൊഴിലാളികൾ ബഹളം വച്ചതോടെ നാട്ടുകാരും സമീപത്തെ ഇഷ്ടികച്ചൂളയിൽ നിന്നുള്ള തൊഴിലാളികളും ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഇവർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേന എത്തി മണ്ണുമാറ്റിയാണ് രണ്ടു പേരേയും പുറത്തെടുത്തത്. പുറത്തെടുത്തപ്പോൾ ജോയിക്ക് ശ്വാസമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു. നേരത്തെ ഇഷ്‌ടിക നിർമ്മാണത്തിനായി മണ്ണെടുത്ത സ്ഥലത്താണ് ജെ.സി.ബി. ഉപയോഗിച്ച് 13 അടിയോളം താഴ്‌ചയുള്ള കിണർ നിർമ്മിച്ചത്.ഉറപ്പില്ലാത്ത മണ്ണായതിനാൽ കോൺക്രീറ്റ് റിംഗ് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിനിയാണ് ജോയിയുടെ ഭാര്യ. മക്കൾ: സോന,സാനിയ. സംസ്‌കാരം പിന്നീട്. സാജുവിന്റെ ഭാര്യ ഷീന.മക്കൾ:മാർട്ടിൻ,മരിയ.സംസ്‌കാരം: നാളെ വൈകിട്ട് 3ന് വെള്ളാപ്പള്ളി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.