jacob

 സർക്കാർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കേന്ദ്ര അഡ്മി.ട്രൈബ്യൂണൽ

തിരുവനന്തപുരം: മുൻകൂർ അനുമതി വാങ്ങാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകമെഴുതിയതിന് ,സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ അഡിഷണൽ ഡി.ജി.പിയായി തരംതാഴ്‌ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് .ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകി..

സംസ്ഥാന സർക്കാരിനെ ഒന്നാം കക്ഷിയും കേന്ദ് സർക്കാരിനെ രണ്ടാം കക്ഷിയുമാക്കിയാണ് ഹർജി. കേന്ദ്ര സർവീസ് ഉദ്യോഗസ്ഥനായ തന്നെ തരംതാഴ്‌ത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ സർക്കാരിനോടാവശ്യപ്പെട്ടു. ഇപ്പോൾ പാലക്കാട്ടെ മെ​റ്റൽ ഇൻഡസ്ട്രീസ് ലിമി​റ്റഡ് എം.ഡിയാണ് അദ്ദേഹം.

അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ജേക്കബ്തോമസിനെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ ഫയൽ ചെയ്തതിനു പുറമെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായുള്ള തരംതാഴ്‌ത്തൽ. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർവീസ് ചട്ടം ലംഘിച്ചാണെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. ഇക്കൊല്ലം മേയ് വരെ അദ്ദേഹത്തിന് സർവീസുണ്ട്

നടപടി സങ്കീർണം

അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം സിവിൽസർവീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സമിതി അന്വേഷിക്കണം.

ജേക്കബ്തോമസിന്റെ മൊഴിയെടുക്കുകയും രേഖകളടക്കം പരിശോധിക്കുകയും വേണം. നിശ്ചിതസമയത്തിനകം അന്വേഷണം പൂർത്തീകരിച്ച് നടപടിക്കായി കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് ശുപാർശ ചെയ്യാം.

സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിക്കണമെന്നില്ല. സംസ്ഥാനം കൈക്കൊണ്ട നടപടികൾ പുന:പരിശോധിക്കാനും റദ്ദാക്കാൻ നിർദ്ദേശം നൽകാനും കേന്ദ്രത്തിന് അധികാരമുണ്ട്.