തിരുവനന്തപുരം : പഴകിപ്പൊളിഞ്ഞ സ്വന്തം വീട്ടിൽ നിന്ന് ബന്ധുക്കളുടെ തണലിൽ മൂന്നിടത്തേക്ക് വേർപെട്ടുപോയ ആ അച്ഛനും അമ്മയും മകളും ഇന്ന് സ്വന്തം വീട്ടിൽ ഒരുമിക്കുമ്പോൾ പാലുകാച്ചലിന് മുഖ്യാതിഥിയായെത്തുന്നത് മുഖ്യമന്ത്രി. സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച കരകുളം പഞ്ചായത്തിലെ തറട്ട പഴയാറ്റിൻകര കാവുവിള വീട്ടിൽ ഭിന്നശേഷിക്കാരനായ ചന്ദ്രൻനായരുടെയും കുടുംബത്തിന്റെയും സന്തോഷത്തിലേക്കാണ് പദ്ധതിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെത്തുന്നത്.
പിങ്ക് നിറത്തിൽ പെയിന്റ് ചെയ്ത മനോഹരമായ വീട്ടിൽ വെള്ളനിറത്തിലുള്ള ടൈൽ പാകിയ അടുക്കള. ഇനാമൽ പെയിന്റ് ഉണങ്ങിയിട്ടില്ലാത്ത സ്ലാബിൽ സ്ഥാപിച്ച ഗ്യാസ് സ്റ്റൗവിൽ സ്റ്റെയിൻലസ് സ്റ്റീൽ പാത്രം ഇപ്പോഴേ കരുതിയിരിക്കുകയാണ് ചന്ദ്രൻ നായരുടെ ഭാര്യ ഓമന. ഇന്ന് രാവിലെ മുഖ്യമന്ത്രി എത്തുമ്പോൾ പാലുകാച്ചാനാണ് ഈ കാത്തിരുപ്പ് .
ചന്ദ്രന്റെ നാല്പതാം വയസിലായിരുന്നു ഒാമനയുമായുള്ള വിവാഹം. ഫർണിച്ചറുകൾ പോളിഷ് ചെയ്യുന്ന പണിയായിരുന്നു ചന്ദ്രന്. ഓമനയ്‌ക്ക് ഓഹരിയായി ലഭിച്ച ചെറിയ വീട്ടിലായിരുന്നു താമസം . ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായതോടെ പണി നിറുത്തി. ഏറെ നാളത്തെ ചികിത്സയ്ക്ക് വഴികാണാൻ ഏക മകൾ രോഹിണിയെ ബന്ധുവീട്ടിൽ ഏൽപിച്ച് ഓമന വീട്ടുജോലിക്കിറങ്ങി . ഒരുകാലിന് സ്വാധീനക്കുറവുള്ള ചന്ദ്രൻ അസുഖംഒരുവിധം ഭേദമായപ്പോൾ ലോട്ടറി വില്പനക്കിറങ്ങി. കാലപ്പഴക്കത്തെത്തുടർന്ന് ചോർന്നൊലിച്ച വീട് അപകടാവസ്ഥയിലായപ്പോൾ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന മകളെ കരുപ്പൂരുള്ള ബന്ധുവീട്ടിലേക്ക് മാറ്റി. ദമ്പതികൾ മറ്റു രണ്ടു ബന്ധു വീടുകളിലുമായി കഴിഞ്ഞു.
ഒരു വീട് ഉണ്ടായാൽ മാത്രമേ കുടുംബവുമൊത്ത് ജീവിക്കാൻ കഴിയൂ എന്നോർത്ത് കണ്ണീരൊഴുക്കിയ ദിനങ്ങൾ... അതിനിടയിലാണ് ലൈഫ് പദ്ധതിയിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനിലയ്ക്ക് അപേക്ഷ നൽകിയത്. മുൻപ് പലപ്പോഴും ഇതുപോലെ അപേക്ഷകൾ നൽകിയിട്ടും ലഭിക്കാതെ വന്നതിനാൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ഇത്തവണ ഭാഗ്യം തുണച്ചു, വീട് കിട്ടി, നാട്ടുകാരുടെ സഹായത്തോടെ പണി പൂർത്തിയാക്കി. സർക്കാരിൽ നിന്നും ലഭിച്ച നാലു ലക്ഷം രൂപയ്ക്കൊപ്പം മകൾക്കായി കരുതിയിരുന്ന സ്വർണമാല വിറ്റുകിട്ടിയ തുകയും പണിയ്ക്കായി ഉപയോഗിച്ചു . ' "മുഖ്യമന്ത്രി വരുമ്പോൾ എനിക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് നന്ദിപറയണം, വീട് തന്നതിനും ,പാലുകാച്ചിന് വരുന്നതിനും . ഇനി എനിക്ക് ഭാര്യയെയും മോളെയും കൂട്ടി ഈ വീട്ടിൽ താമസിക്കാം "- പറഞ്ഞു നിറുത്തിയപ്പോൾ ചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു.