ഉഭയകക്ഷി ചർച്ച 2ലേക്ക് മാറ്റി;കുട്ടനാട് സീറ്റിൽ ആകാംക്ഷ
തിരുവനന്തപുരം: ഇനിയൊരിക്കലും ഒത്തുപോവില്ലെന്ന വ്യക്തമായ സൂചന നൽകി പോരടിച്ച് നിൽക്കുന്ന കേരള കോൺഗ്രസ്-എമ്മിലെ ജോസ്, ജോസഫ് വിഭാഗങ്ങളോട് അങ്ങനെയെങ്കിൽ രണ്ട് പാർട്ടികളായി മുന്നണിയിൽ തുടരാമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചേക്കും. ഇതോടെ കുട്ടനാട് സീറ്റ് ആർക്കാകുമെന്നതിൽ ആകാംക്ഷ കൂടുതൽ കനത്തു.
ഇരു കൂട്ടരുമായി യു.ഡി.എഫ് നേതൃത്വം ഇന്ന് കൊച്ചിയിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ച ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അസൗകര്യത്തെ തുടർന്ന് മാർച്ച് രണ്ടിലേക്ക് മാറ്റി. കലാപത്തെ തുടർന്ന് കുഞ്ഞാലിക്കുട്ടിയും സംഘവും ഡൽഹിയിലാണ്.രണ്ടിന് തിരുവനന്തപുരത്താവും ചർച്ച.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചപ്പോൾ കുഞ്ഞാലിക്കുട്ടിയാണ് രണ്ട് കൂട്ടരെയും രണ്ടായി മുന്നണിയിൽ തുടരാനനുവദിക്കാമെന്ന ഫോർമുല വച്ചത്.അതിന് കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വിധികൾക്ക് കാത്തുനിൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ,ഇത് വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പ്രതിസന്ധിയാവുമെന്നത് ജോസ്, ജോസഫ് വിഭാഗങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുന്നു..രണ്ട് പാർട്ടികളായി യു.ഡി.എഫിൽ തുടരുകയെന്ന ആവശ്യം ജോസ്, ജോസഫ് വിഭാഗങ്ങളുടെ മുമ്പാകെ വയ്ക്കുന്നതിനാവും മാർച്ച് രണ്ടിലെ ഉഭയകക്ഷി ചർച്ചയിൽ മുന്നണി നേതൃത്വം പ്രാമുഖ്യം നൽകുക.
ബലം കൂട്ടാൻ
പി.ജെ.ജോസഫ്
യു.ഡി.എഫ് നീക്കം മുൻകൂട്ടി കണ്ട്, വിഘടിച്ചു നിൽക്കുന്ന വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങളെ ഒപ്പം കൂട്ടി ബലം വർദ്ധിപ്പിക്കാൻ പി.ജെ. ജോസഫ് നീക്കമാരംഭിച്ചു. ജേക്കബ് വിഭാഗത്തിൽ നിന്ന് മുതിർന്ന നേതാവ് ജോണി നെല്ലൂരിനെ അടർത്തിയെടുത്തതിന് പിന്നാലെ, ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരള കോൺഗ്രസിനെയും പാളയത്തിലെത്തിക്കാനാണ് ജോസഫിന്റെ നീക്കം. അതിനെ പൂർണ്ണമായി കിട്ടിയില്ലെങ്കിൽ അതിന്റെ ചെയർമാനായ ഫ്രാൻസിസ് ജോർജിനെയെങ്കിലും മടക്കിക്കൊണ്ടു വരാനാണ് ശ്രമം. കെ.എം. മാണിയോടുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ഫ്രാൻസിസ് ജോർജ് അന്ന് പോയത്. ആ പാർട്ടിയിലെ ഡോ.കെ.സി. ജോസഫും ആന്റണിരാജുവും മറ്റുമാണ് മടങ്ങാൻ വിമുഖത
കാട്ടുന്നത്. ജോണി നെല്ലൂർ വിഭാഗം മാർച്ച് ഏഴിന് ജോസഫിനൊപ്പം ലയിക്കും. മൂവാറ്റുപുഴ, കോതമംഗലം മേഖലകളിൽ ജനാധിപത്യ കേരള കോൺഗ്രസിനും സ്വാധീനമുണ്ട്. ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജും വന്നാൽ, കുട്ടനാട് കോൺഗ്രസ് ഏറ്റെടുത്താലും വരുന്ന തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയോ കോതമംഗലമോ അവകാശപ്പെടാമെന്ന കണക്കുകൂട്ടലും ജോസഫിനുണ്ട്.