തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിലെ സ്റ്റോറിൽ നിന്ന് വ്യാജ തിരകൾ കണ്ടെടുത്ത കേസിൽ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്ത അടൂർ കെ.എ.പി ബറ്റാലിയൻ ട്രെയ്‌നർ നെയ്യാറ്റിൻകര കറക്കോട്ട് കോണം ശ്രീഭവനിൽ എസ്.എെ റെജി ബാലചന്ദ്രനെ കോടതി ഒരു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ജുഡിഷ്യൽ ഫസ്റ്ര് ക്ളാസ് മജിസ്ട്രേട്ട് ലെനി തോമസാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. വെടിക്കോപ്പ് ഇനത്തിൽപ്പെട്ട തിരകളും കാലി കെയ്സുകളും ഡ്രിൽ കാട്രിഡ്ജുകളും റെക്കാഡിൽ കുറവുണ്ടായിരുന്നത് തിരുത്തി രജിസ്റ്ററിൽ വ്യാജ വിവരങ്ങൾ കാണിച്ച് സർക്കാരിനെ കബളിപ്പിച്ചു എന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 350 എണ്ണം 9 എം.എം ഡ്രിൽ കാട്രിഡ്ജുകൾക്ക് പകരമായി ഡെമ്മി കാട്രിഡ്ജുകൾ തിരുകിക്കയറ്രി വ്യാജരേഖകൾ ഉണ്ടാക്കിയതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

എസ്.എ.പി ക്യാമ്പിലെ ആയുധ ശേഖരങ്ങളുടെ സൂക്ഷിപ്പ് ചുമതല ഉണ്ടായിരുന്നപ്പോഴാണ് ഇയാൾ സ്റ്റോറിലെ കണക്കുകളിൽ തിരിമറി നടത്തിയത്. 350 ഡ്രിൽ കാട്രിഡ്ജുകൾ കാണാതായപ്പോൾ മേലധികാരിയായ ഡെപ്യൂട്ടി കമൻഡാന്റ് ഇയാളോട് വിശദീകരണം തേടിയിരുന്നു. തിരകൾ ഗ്രനേഡ് ബോക്സിന് സമീപത്തു നിന്ന് കണ്ടെത്തിയെന്നാണ് ഇയാൾ വിശദീകരണം നൽകിയത്. ക്രെെംബ്രാഞ്ച് അന്വേഷണത്തിലാണ് നഷ്ടപ്പെട്ട 350 ഡ്രിൽ കാട്രിഡ്ജിന് പകരം വ്യാജ തിരകളാണ് സ്റ്റോറിൽ ഉള്ളതെന്ന് കണ്ടെത്തിയത്.