കഴക്കൂട്ടം: പൗരത്വ നിയമത്തിനെതിരെ ഭരണഘടനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറയിൽ നാളെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടക്കും. നാളെ വൈകിട്ട് 4ന് മുതലപ്പൊഴിയിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ റാലി കൊട്ടാരംതുരുത്ത്, ചേരമാൻതുരുത്ത്, പുതുക്കുറിച്ചി വഴി പെരുമാതുറ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് പെരുമാതുറ പെട്രോൽ പമ്പിന് സമീപം പ്രത്യേകം തയ്യാറാക്കിയ ആസാദി സ്‌ക്വയറിൽ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം കവിയും പത്രപ്രവർത്തകനുമായ ശശി മാവിന്മൂട് ഉദ്ഘാടനം ചെയ്യും. കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തും. ഡൽഹി ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളായ ജലാൽ ഫൈസി കീഴാറ്റൂർ, ഫഹീം അഹ്സൻ, മേധ സുരേന്ദ്രനാഥ്, അലീന. എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.