തിരുവനന്തപുരം:ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജില്ലാ വികസനോത്സവം മാർച്ച് 2ന് പുത്തിരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ 'സർഗ വായന സമ്പൂർണ വായന' പദ്ധതി പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തും. ഇതോടനുബന്ധിച്ച് നടക്കുന്ന വിവിധ സെമിനാറുകളിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ,കെ.കെ.ശൈലജടീച്ചർ,വി.എസ്. സുനിൽകുമാർ,കെ.രാജു എന്നിവർ പങ്കെടുക്കും.മാർച്ച് രണ്ടുമുതൽ അഞ്ച് വരെയാണ് വികസനോത്സവം നടക്കുക.
സമാപന ദിവസം തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നഗര വികസന സെമിനാർ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ധനമന്ത്രി തോമസ് ഐസക് സെമിനാർ ഉദ്ഘാടനം ചെയ്യും.മേയർ കെ. ശ്രീകുമാർ പങ്കെടുക്കും.വൈകിട്ട് 5ന് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും 2000ലധികം വരുന്ന ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനപ്രതിനിധി സംഗമം നടക്കും.സംഗമം നിയമ സഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും.സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ജില്ലയിലെ എം.പിമാർ എം.എൽ.എമാർ എന്നിവരും ജനപ്രതിനിധി ജനപ്രതിനിധി സംഗമത്തിൽ പങ്കെടുക്കും.