തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ അടുത്ത ആഴ്ച വിജിലൻസ് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. പ്രാഥമിക മൊഴിയെടുപ്പിൽ ഇവർ നൽകിയ വിവരങ്ങളിലെയും സാക്ഷി മൊഴികളിലെയും വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ചോദ്യം ചെയ്യുക. ഇതിനായി വിജിലൻസ് സംഘം ചോദ്യാവലി തയാറാക്കും.
പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും മൊഴി നേരത്തെ ശേഖരിച്ചിരുന്നു. അധ്യാപകർ അടക്കമുള്ള സാക്ഷികളുടെയും മൊഴിയെടുപ്പ് പൂർത്തിയായിട്ടുണ്ട്.
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരായ രണ്ടു പേരുടെയും വിശദമായ അവധി വിവരങ്ങൾ തേടി വിജിലൻസ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ചതായാണു വിജിലൻസ് ഉന്നതർ പറയുന്നത്. ദീർഘകാല അവധിക്ക് ഇവരിൽ ഒരാൾ അപേക്ഷ നൽകിയിരുന്നതായി മറുപടിയിലുണ്ട്. എന്നാൽ, അവധിക്ക് അപേക്ഷിക്കും മുൻപു തന്നെ സ്ഥാപനം തുടങ്ങിയിരുന്നതായാണു രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്. ചോദ്യം ചെയ്യലിൽ ഇത്തരം കാര്യങ്ങളിൽ വ്യക്ത വരുത്തും.
മറ്റൊരാൾ ജോലിക്കു തടസമില്ലാത്ത തരത്തിൽ ക്ലാസെടുക്കാൻ അനുമതി തേടിയിരുന്നതായും പറയുന്നു. എന്നാൽ, ക്ലാസെടുക്കാൻ അനുമതി തേടിയിട്ടു സ്ഥാപനം നടത്തുന്നെന്നായിരുന്നു ലഭിച്ച പരാതി. ഇക്കാര്യത്തിൽ ലഭിച്ച തെളിവുകൾ കൂടി പരിശോധിച്ചാകും തുടർനടപടി. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിക്കും.