പാറശാല: ധനുവച്ചപുരത്ത് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സി.ഐ.ടി.യുവിന്റെയും കൊടിമരങ്ങളും ബോർഡുകളും തകർത്തതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് നെടിയാംകോട്, ഐ.ടി.ഐ ജംഗ്‌ഷൻ, പാർക്ക് ജംഗ്‌ഷൻ എന്നിവിടങ്ങളിലെ കൊടിമരങ്ങളും ബോർഡുകളും തകർത്തത്. പാർക്ക് ജംഗ്‌ഷനിൽ സ്ഥാപിച്ചിരുന്ന സി.പി.എം നേതാവ് ആയിരുന്ന നവകുമാറിന്റെ സ്‌മൃതി മണ്ഡപവും വികൃതമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ധനുവച്ചപുരം പാർക്ക് ജംഗ്‌ഷൻ മുതൽ നെടിയാംകോട് വരെ സി.പി.എം പ്രകടനം നടത്തി. നെടിയാംകോട് ജംഗ്‌ഷനിൽ ചേർന്ന പ്രതിഷേധ യോഗം സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്. അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. വി. താണുപിള്ള, വി.എസ്. ബിനു, നവനീത് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.