തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കർശനമാക്കി. ഗുരുതരമായ ഭക്ഷ്യസുരക്ഷ ലംഘനങ്ങൾ കണ്ടെത്തിയ മണക്കാട് ജംഗ്ഷനിലെ പെറോട്ട സെന്റർ, സംസം ബേക്കറി, കരമനയിലെ വൺ ടേക്ക് എവേ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിറുത്തിവയ്പിച്ചു. 54 ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ 14 സ്‌ക്വാഡുകളാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ഇതുവരെ 97 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങൾക്ക് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നോട്ടീസ് നൽകി. ഗുരുതരമായ പിഴവുകൾ കണ്ടെത്തിയ പത്ത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും മാർച്ച് പത്തുവരെ പരിശോധന തുടരുമെന്നും ഭക്ഷ്യ സുരക്ഷാകമ്മീഷണർ അറിയിച്ചു. ഭക്ഷ്യ സംരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കും പരാതി അറിയിക്കാം. ഫോൺ 18004251125, 8943346181, 8943346195, 7593862806.