tvm

തിരുവനന്തപുരം: നഗരസഭയുടെ നിർദ്ദേശം ലംഘിച്ച് കുടിവെള്ളമെന്ന പേരിൽ മലിനജലം കടത്തിയ ടാങ്കർലോറികൾ ഹെൽത്ത് വിഭാഗം പിടിച്ചെടുത്തു. മൂന്ന് ലോറികളാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. തിരുവല്ലത്തെ സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർമാരടങ്ങുന്ന സംഘം ലോറികൾ പിടികൂടിയത്. മൂന്നെണ്ണത്തിൽ ഒന്ന് നഗരസഭയുടെ ലെെസൻസെടുത്ത് കടത്തു നടത്തുന്ന ടാങ്കറാണെന്ന് മേയർ കെ. ശ്രീകുമാർ വ്യക്തമാക്കി. ഇൗ ടാങ്കർ ഒരു തവണ മാത്രമേ വാട്ടർ അതോറിട്ടിയിൽ നിന്ന് വെള്ളം ശേഖരിച്ചിട്ടുള്ളു എന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടു ലോറികളിൽ ഒരെണ്ണം നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പുറത്തെ തോടുകളിലും കിണറുകളിലും നിന്നാണ് ജലം എത്തിക്കുന്നത്. ഇവർ നഗരത്തിലെ പ്രമുഖ സ്ഥാപാനങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നതായി സംശയമുണ്ട്. അത് എവിടെയോക്കെയാണെന്ന് പരിശോധിക്കും. ലോറി ഉടമകളെ കണ്ടെത്തിയ ശേഷം ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മേയ‌ർ പറഞ്ഞു. നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യം വിഭാഗം തെരച്ചിൽ നടത്തിയത്.