തിരുവനന്തപുരം: മഴ ഉടനെ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. കേരളത്തിൽ അതിതീവ്രമായ കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വേനൽ കനക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ 2020 ലെ വേനൽക്കാല താപനില സംബന്ധിച്ചുള്ള പ്രവചനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ താപനില സാധാരണ താപനിലയെക്കാൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. മാർച്ച് മുതൽ മേയ് വരെയുള്ള സീസണിലെ ഉയർന്ന താപനില സാധാരണ താപനിലയെക്കാൾ ശരാശരി 0.86 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില സാധാരണ താപനിലയെക്കാൾ ശരാശരി 0.83 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനുള്ള സാദ്ധ്യതയുമുണ്ട്. രാജ്യത്ത് പൊതുവേ വലിയ ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന താപനില സാധാരണ താപനിലയെക്കാൾ ഒരു ഡിഗ്രി സെൽഷ്യസിൽ കൂടുതലാകുമെന്നും പൊതുവിൽ ഉഷ്ണതരംഗമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്ണതരംഗത്തിനുള്ള സാദ്ധ്യതയുണ്ടെന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മൺസൂൺ മിഷൻ പ്രോജക്ടിന് കീഴിൽ വികസിപ്പിച്ചെടുത്ത മൺസൂൺ മിഷൻ കപ്ല്ഡ് ഫോർകാസ്റ്റിംഗ് സിസ്റ്റം മോഡലിന്റെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണൽ ഫോർകാസ്റ്റുകൾ തയ്യാറാക്കിയിട്ടുള്ളത്.