കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇനിയും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തവണയാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഇബ്രാംഹിംകുഞ്ഞ് ഹാജരായത്. തിരുവനന്തപുരത്തെ വിജിലൻസ് ആസ്ഥാനത്ത് രാവിലെ പതിനൊന്നോടെയാണ് ഇബ്രാഹിം കുഞ്ഞ് എത്തിയത്. ഇബ്രാഹിം കുഞ്ഞിൽ നിന്നും രണ്ട് തവണ വിജിലൻസ് രേഖപ്പെടുത്തി മൊഴികളും കേസിലെ പ്രതികളുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. മൊഴികളിലെ വൈരുദ്ധ്യം കുഞ്ഞിനെ കുരുക്കാകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകിയിരുന്ന വിവരം.
ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ പല വിശദീകരണങ്ങളും തൃപ്തികരമായിരുന്നില്ല. കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇബ്രാഹിംകുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെയും കരാറുകാരുടേയും മൊഴി അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്നു.
കരാറുകാരായ ആർ.ഡി.എസ് കമ്പനിയ്ക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിന് എതിരെയുള്ള ആരോപണം. കരാർ കമ്പനിക്ക് മുൻകൂറായി എട്ടേകാൽ കോടി രൂപ കിട്ടിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജലൻസ് നിഗമനം. മന്ത്രിയും ഉദ്യോഗസ്ഥരും ഒറ്റദിവസം കൊണ്ട് ഫയലിൽ ഒപ്പിട്ടാണ് കരാർ കമ്പനിക്ക് പണം അനുവദിച്ചതെന്നതിന്റെ രേഖയും പുറത്തുവന്നിരുന്നു. നേരത്തെ വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്‌കോ മുൻ എം.ഡി സുമിത് ഗോയൽ, നിർമാണ കമ്പനിയായ ആർബിഡിസികെ ജനറൽ മാനേജർ പി.ഡി.തങ്കച്ചൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.