- ന.മോ.ജി- ഷാ ജി സഖ്യം നന്മമരങ്ങളാണ്. സബ്കാ സാഥ്, സബ്കാ വികാസ് എന്ന് പറയുമ്പോൾ ഉയരുന്ന ഒരുതരം വൈബ്രേഷൻ, ആ അന്ത:കരണങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന നന്മയുടെ ലാവാപ്രവാഹത്തിന് തൊട്ട് മുമ്പായി സംഭവിക്കുന്നതാണെന്നാണ് വിവരമുള്ളവർ പറയുന്നത്. വിവരമില്ലാത്തവരും കാണും ഇന്നാട്ടിൽ .പക്ഷേ അത്തരക്കാരെ ഗുണദോഷിച്ചുവിടുകയോ വല്ല, നിർഗുണ പാഠശാലയിലോ മറ്റോ പറഞ്ഞയക്കുകയോ ചെയ്യുകയെന്ന തികച്ചും ദയാവായ്പോടെയുള്ള സമീപനം മാത്രമേ ന.മോ.ജി- ഷാ ജി സഖ്യം സ്വീകരിക്കാറുള്ളൂ.
ജുഡിഷ്യറിക്ക് ഇന്നത്തെ കാലത്ത് ദയാവധം ആണ് കരണീയമായിട്ടുള്ളത് എന്ന വി.മുരളീധർജി തൊട്ട് കെ.സുരേന്ദ്രൻജി വരെയുള്ളവർക്ക് നല്ലപോലെ അറിയാം. എന്നാൽ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുന്നത് പോലെയുള്ള ചില പിള്ളമാരുമുണ്ട്. അത്തരം പിള്ളമാർ ജുഡിഷ്യറിയിൽ തന്നെയാണിരിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അക്കൂട്ടത്തിൽ പെട്ട ഒരു പിള്ളയാണ് ജസ്റ്റിസ് മുരളീധർജോഷി. അതുകൊണ്ട് ഈ ജോഷിജി ചില വേണ്ടാതീനങ്ങളായ ഉത്തരവുകളിറക്കാൻ ധൈര്യപ്പെടുകയുണ്ടായി. ഉത്തരവിറക്കിയ ആ നേരത്ത് ഉത്തരത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഉത്തരത്തിലേക്ക് നോക്കാതെ ഉത്തരവിറക്കാനുള്ള ധിക്കാരം കാട്ടിയ ജോഷിജിയോട് കടക്ക് പുറത്ത് എന്ന് പിണറായി സഖാവിനെ പോലെ കല്പിക്കാനല്ല ഷാ ജി തയ്യാറായത്. മോനേ, നീ തൽക്കാലം ഇവിടെ നിന്നൊന്ന് പോയിത്തരൂ എന്ന് സ്നേഹബുദ്ധ്യാ ഉപദേശിക്കുക മാത്രമായിരുന്നു.
സാധാരണ ജുഡിഷ്യറിക്ക് ദയാവധമാണ് ശിക്ഷ. പണ്ട് അടിയന്തരാവസ്ഥക്കാലത്തിന് തൊട്ടുമുമ്പ് ഇന്ദിരാജി പറഞ്ഞത് പ്രകാരം ഏതോ നാഗർവാല റിസർവ് ബാങ്കിൽ പോയി 60ലക്ഷം ദുട്ട് വാങ്ങിച്ച കേസ് തേച്ചുമായ്ച്ചുകളയാൻ പെട്ട പാടെന്തായിരുന്നു. ദയാവധം ഒഴിവാക്കിക്കിട്ടാൻ രാഷ്ട്രപതിക്ക് കത്ത് കൊടുക്കാൻ പോലും അന്നത്തെ ജഡ്ജിയദ്ദ്യത്തിന് സാധിച്ചോ? ഇല്ല. ദയാവധം വരാനിരിക്കുന്നുവെന്ന് അറിഞ്ഞാലല്ലേ ഹർജി കൊടുക്കൽ നടക്കൂ.
മുരളീധർജോഷി ജഡ്ജി ചെയ്തത് അക്ഷന്തവ്യമായ അപരാധമായിരുന്നു. ഡൽഹിയിൽ പത്ത് നാല്പതാളുകൾ ചത്ത് വീഴുന്നതിന് കാരണം ഏതോ വിദ്വേഷപ്രസംഗകരാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനവർക്കെതിരെ കേസെടുക്കണമെന്നൊക്കെ പറയുന്നത് വല്ലാത്ത അധികപ്രസംഗമാണ്. വിദ്വേഷപ്രസംഗം നല്ലതും ചീത്തയുമുണ്ട് എന്നെങ്കിലും അദ്ദേഹം തിരിച്ചറിയണമായിരുന്നു. അധികപ്രസംഗം നടത്തിയ ജഡ്ജിയെ ദയാവധത്തിന് വിധേയമാക്കേണ്ടതായിരുന്നു. പക്ഷേ പഞ്ചാബിലേക്കോ ഹരിയാനയിലേക്കോ ഒന്ന് പോയിട്ട് വാ മോനേ എന്ന് മാത്രമാണ് ന.മോ.ജി- ഷാജി സഖ്യം ഉപദേശിച്ചുവിട്ടത്. പാതിരാത്രി തന്നെ ഉത്തരവിറങ്ങിയത് കണ്ടിട്ട്, ഭരണത്തിലെ ആ വേഗതയെ നോക്കി, കൊടിയേറ്റം ഗോപി പറഞ്ഞത് പോലെ ഹോ! എന്തൊരു സ്പീഡ്! എന്ന് മിസോറാംഗവർണർജി ശ്രീധരൻപിള്ളാജി പറഞ്ഞ് പോയെന്ന് ചില കിംവദന്തിയുണ്ട്. അതെന്തുമാകട്ടെ.
.........................................
- പശുവളർത്തലും തെങ്ങ് കൃഷിയും പിന്നെ കേരള കോൺഗ്രസുമായി നടക്കുന്ന പുറപ്പുഴ ഔസേപ്പച്ചന് ഏത് പശുവിനെയും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ഏത് കേരള കോൺഗ്രസിനെ തിരിച്ചറിയാനും അതുപോലെ സാധിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ജോസ് മോൻ അത് മനസ്സിലാക്കുന്നില്ലെന്നത് ഔസേപ്പച്ചന്റെ തീരാവേദനയാണ്. പശുവളർത്തലിൽ കേമനായ ഔസേപ്പച്ചനെ ജോസ് മോൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തത് കൊണ്ട് മാത്രമാണ് ജോസ് മോന്റെ മുഖലക്ഷണം നോക്കി ഔസേപ്പച്ചൻ ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ജോസ് മോൻ വെറുവാ ചപ്പുകയാണ് എന്നാണ് ഔസേപ്പച്ചന്റെ ഒരു സുപ്രധാന നിരീക്ഷണം. പശു അയവിറക്കുന്നത് വെറുവാ ചപ്പലാണെന്ന് ഔസേപ്പച്ചന് അറിയാവുന്നതാണ്. അതുകൊണ്ടാണ് ജോസ് മോന്റെ വെറുവാ ചപ്പലിനെ ഔസേപ്പച്ചനും കാര്യമായെടുക്കാത്തത്.
പക്ഷേ ജോസ് മോന് ഇത്തരം കൃഷികളിലല്ല കമ്പം. അദ്ദേഹത്തിന്റെ കാർഷികമേഖല വേറെയാണ്. അതുകൊണ്ടുതന്നെ ഔസേപ്പച്ചൻ നിരീക്ഷിച്ചതിന്റെ സാംഗത്യം ജോസ് മോന് പിടികിട്ടിയിട്ടില്ല. ഔസേപ്പച്ചൻ അശ്ലീലം പറഞ്ഞുവെന്ന് ജോസ് മോന് തോന്നിപ്പോവുക അതിനാൽ സ്വാഭാവികമാണ്.
ജോസ് മോനെ കൃഷിപാഠങ്ങൾ പരിശീലിപ്പിച്ചെടുക്കാൻ തന്നെയാണ് ഔസേപ്പച്ചൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പേരിൽ പുതിയ മുഖമാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ജോസ് മോന്റെ പ്രതിച്ഛായയിൽ ഔസേപ്പച്ചനെതിരെ അതുമിതുമെല്ലാം പറഞ്ഞ് കളിയാക്കി സമയം കൊല്ലുമ്പോൾ കൃഷിയുടെ നല്ല പാഠങ്ങൾ ജോസ് മോന് പഠിപ്പിച്ച് കൊടുക്കാൻ തോന്നിയ ആ മനസ്സിനെയാണ് നമിക്കേണ്ടത്. വെറുവാ ചപ്പുക എന്നത് ആദ്യപാഠം മാത്രമാണ്. ഇനി കുട്ടനാട് ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. എന്തെന്തെല്ലാം പാഠങ്ങൾ പഠിക്കാനിരിക്കുന്നു, ജോസ് മോൻ! കാത്തിരുന്ന് കാണുക, അത്ര തന്നെ.
ഇ-മെയിൽ: dronar.keralakaumudi@gmail.com