speaker-
SPEAKER

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് സഭാസെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുമ്പ് അതിലെ ഭാഗങ്ങൾ പുറത്ത് വന്നത് ഗൗരവതരമാണ്. ഇതേത്തുടർന്നാണ് അതുസംബന്ധിച്ച് പരിശോധിക്കാൻ സഭാസെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. എന്നാൽ സഭയുടെ നിലവിലുള്ള സംവിധാനത്തെ ലംഘിക്കുന്ന ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് സെക്രട്ടറി കണ്ടെത്തിയത്.

നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ട ഒരു രേഖ അതിന് മുമ്പ് പുറത്തുവരുന്നത് സഭയുടെ അവകാശത്തിന്റെ ലംഘനമാണ്. ഏതെങ്കിലും സാമാജികരോ പ്രതിപക്ഷമോ രേഖ ചോർത്തിയെന്ന് താൻ പറഞ്ഞിട്ടില്ല. സാമാജികർക്ക് ആരോപണങ്ങൾ ഉന്നയിക്കാൻ അവകാശമില്ലെന്നും പറഞ്ഞിട്ടില്ല. പി.ടി. തോമസിനെ സംശയമുനയിൽ നിറുത്തുന്നുവെന്ന് കാട്ടി പ്രതിപക്ഷനേതാവ് കത്ത് നൽകിയിരുന്നു. അതിന് മറുപടി നൽകിയിട്ടുണ്ട്. പല നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്ന സി.എ.ജി റിപ്പോർട്ട് ആ പ്രക്രിയകളിൽ എവിടെയെങ്കിലും വച്ച് പുറത്ത് പോയിട്ടുണ്ടാകാം. ഇക്കാര്യത്തിൽ സഭയുടെ ആശങ്ക മാത്രമാണ് സ്പീക്കറെന്ന നിലയിൽ താൻ പ്രകടിപ്പിച്ചത്.

കലാലയ രാഷ്ട്രീയം: വിയോജിപ്പറിയിക്കും

കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള വിധി നിർഭാഗ്യകരമാണെന്നും ഇക്കാര്യത്തിലുള്ള വിയോജിപ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്‌പീക്കർ വ്യക്തമാക്കി.

പതിനാലാം നൂറ്റാണ്ടിൽ ബ്രാഹ്മണ്യമേധാവിത്വത്തിന്റെ തെറ്റുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കവി പൂന്താനമല്ലാതെ മറ്റൊരാളില്ല. ആ കവിയുടെ പേരിലുള്ള പുരസ്‌കാരം നൽകുന്നെങ്കിൽ ആദ്യം നൽകേണ്ടത് കൃഷ്ണന്റെ മാനുഷികവശങ്ങളെ തുറന്നുകാട്ടിക്കൊണ്ടുള്ള സാഹിത്യസൃഷ്ടിയായ ശ്യാമമാധവത്തിനാണ്.

നിയമസഭാ സമ്മേളനം നാളെ മുതൽ

പതിന്നാലാം നിയമസഭയുടെ പത്തൊമ്പതാം സമ്മേളനം തിങ്കളാഴ്ച തുടങ്ങി 27 ദിവസം നീണ്ടുനിൽക്കും. ആദ്യദിവസം നടപ്പുസാമ്പത്തികവർഷത്തെ ബഡ്ജറ്റിലെ ചർച്ചയും ഉപധനാഭ്യർത്ഥനയുമാണ്. മൂന്ന് മുതൽ പുതിയ വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ്. സഭാ ടി.വിയുടെ ഔദ്യോഗിക ലോഞ്ചിംഗും ഈ സമ്മേളനകാലത്ത് നടക്കും.