swimming-

കൊല്ലം ജില്ലയിലെ നെടുമൺകാവിൽ ഇത്തിക്കരയാറ്റിന്റെ കൈവഴികളിലൊന്നിൽ മുങ്ങിമരിച്ച ദേവനന്ദ എന്ന ഏഴുവയസുകാരി ഒരു ബന്ധവുമില്ലാത്തവർക്കു പോലും മനസിന്റെ ആഴങ്ങളെ കീറിമുറിക്കുന്ന വേദനയാണിപ്പോൾ. മരണത്തിലെ ദുരൂഹതയെക്കുറിച്ച് സംശയങ്ങൾ പൂർണമായും മാഞ്ഞിട്ടില്ലെങ്കിലും സ്വാഭാവികമായ മുങ്ങിമരണം തന്നെയാണെന്ന ശാസ്ത്രീയ പരിശോധനകൾ വിശ്വസിക്കേണ്ടിവരും. വീടിനടുത്തോ വീടിനോട് ചേർന്നോ ഉള്ള പുഴകളും നീർച്ചാലുകളും കുളങ്ങളുമൊക്കെ കൊച്ചുകുട്ടികൾക്ക് എത്ര വലിയ അപകടമാണ് കാത്തുവച്ചിരിക്കുന്നതെന്നു ആദ്യം ബോദ്ധ്യം വരേണ്ടത് രക്ഷാകർത്താക്കൾക്കു തന്നെയാണ്. അപകടം തിരിച്ചറിയാൻ കഴിവില്ലാത്ത പ്രായത്തിലുള്ള കുട്ടികൾക്കു മേൽ സദാ ഒരു കണ്ണു വേണമെന്നു പറയുന്നത് അതുകൊണ്ടാണ്. എത്ര കണ്ണുവച്ചാലും നിമിഷനേരംകൊണ്ട് സ്വയം അപകടത്തിലേക്ക് വഴുതിവീഴുന്നവരും ഉണ്ടാകും. അത്തരത്തിലൊരു മുൻവിധിയാകാം വീട്ടുകാരുടെയും ഇപ്പോൾ മുഴുവൻ കേരളീയരുടെയും നൊമ്പരമായി മാറിയിരിക്കുന്ന ദേവനന്ദയ്ക്ക് നേരിടേണ്ടിവന്നത്.

ധാരാളം ജലാശയങ്ങളും നദികളും പുഴകളുമൊക്കെയുള്ള കേരളത്തിൽ അപകടങ്ങളിൽ മുങ്ങിമരണത്തിന് രണ്ടാം സ്ഥാനമാണുള്ളത്. നീന്തൽ അറിയാവുന്നവരും അറിയാത്തവരുമായി ഭേദമില്ലാതെയാണ് മുങ്ങിമരണത്തിന്റെ സ്ഥിതിവിവരങ്ങൾ. കുട്ടികൾ കൂട്ടുകൂടി നീന്തിക്കളിക്കുന്നതിനിടെ ഉണ്ടാകാറുള്ള മുങ്ങിമരണങ്ങൾ കാലഭേദമില്ലാതെ തുടരുന്നതായി കാണാം. വിനോദയാത്രകൾ പലപ്പോഴും ദുരന്തമായി മാറാറുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് അപകടം പറ്റാറുണ്ട്. വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടകളും മണൽ കുഴിച്ചെടുക്കുന്ന നദികളുമൊക്കെ സ്ഥിരം അപകടക്കയങ്ങളാണ്. നീന്തൽ അറിയാവുന്നവർക്കുപോലും അപകടം പറ്റാറുള്ള ഇടങ്ങളാണിവ.

എവിടെ നോക്കിയാലും വെള്ളമുള്ള സംസ്ഥാനത്ത് ബഹുഭൂരിപക്ഷം കുട്ടികൾക്കും നീന്തൽ വശമില്ല എന്നത് വലിയ പോരായ്മയാണ്. വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനെക്കുറിച്ചും പാഠപുസ്തകങ്ങളിൽ നീന്തൽ പാഠങ്ങൾ ഉൾക്കൊള്ളിക്കേണ്ടതിനെക്കുറിച്ചുമൊക്കെ പറഞ്ഞുകേൾക്കാറുണ്ട്. ഒന്നും നടക്കാറില്ലെന്നു മാത്രം. നീന്തൽ പരിശീലനത്തിനുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം വട്ടപ്പൂജ്യമാണെന്നു പറയാം. നല്ല രീതിയിലുള്ള നീന്തൽക്കുളങ്ങൾ തന്നെ അപൂർവമാണ്. ഉള്ളവ പോലും നേരെ ചൊവ്വേ പരിപാലിക്കാത്തതുകൊണ്ട് ഉപയോഗപ്രദവുമല്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ വിഷയത്തിൽ വലിയ സംഭാവനകൾ ചെയ്യാനാകും. സർക്കാർ കൂടി സഹായിച്ചാൽ ഓരോ പഞ്ചായത്തിലും നീന്തൽ പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്താവുന്നതേയുള്ളൂ.

ആകസ്മികമായി വെള്ളത്തിലകപ്പെടുമ്പോൾ രക്ഷ നേടാൻ മാത്രമല്ല നീന്തൽ പരിശീലനം ഉപകരിക്കുന്നത്. ഏറ്റവും മികച്ച ആരോഗ്യ പരിപാലനമാർഗം കൂടിയാണത്. സംസ്ഥാനത്തെ കുട്ടികളിൽ നീന്തൽ അറിയാവുന്നത് നാല്പതു ശതമാനം കുട്ടികൾക്കാണെന്ന് കണക്കുകൾ പറയുന്നു. ഇവരിലധികവും വെള്ളത്തിന്റെ സാമീപ്യമുള്ള പ്രദേശവാസികളാകും. കുട്ടിക്കാലം തൊട്ടേ ജീവിതത്തിന്റെ ഭാഗമായി നീന്തൽ വശമാക്കുന്നവരാകും ഇത്. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ അനായാസം കഴിയുന്നത് രക്ഷാകർത്താക്കൾക്കാണ്. അത്രയും മുന്തിയ കരുതലും രക്ഷയും മറ്റാർക്കും നൽകാനാവില്ല. സ്കൂൾ പഠനത്തിനൊപ്പം നീന്തൽ പാഠങ്ങളും വശത്താക്കാൻ സാധിച്ചാൽ ഭാവിയിൽ അതു പല രീതിയിലും പ്രയോജനപ്പെടും.

നീന്തൽ കരിക്കുലത്തിന്റെ ഭാഗമാക്കാൻ സർക്കാർ മുൻകൈയെടുക്കേണ്ടതാണ്. അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ വലിയ പണച്ചെലവുണ്ടാകുമെന്നത് ശരിയാണ്. എന്നാലും അതിന്റെ ഗുണം തിരിച്ചറിയുമ്പോൾ വലിയ നഷ്ടബോധം തോന്നേണ്ട കാര്യമില്ല. എത്രയോ വിലപ്പെട്ട മനുഷ്യജീവനുകളെ ഭാവിയിൽ രക്ഷിച്ചെടുക്കാനാകുന്ന ഒരു മഹൽ സംരംഭം ആയിരിക്കുമിത്. നാട്ടിൻപുറത്തു വളരുന്ന കുട്ടികൾ മുമ്പൊക്കെ നന്നായി നീന്തൽ വശത്താക്കിയിരുന്നു. നീന്തിക്കളിച്ചു വളരാനുള്ള ഭൗതിക സാഹചര്യങ്ങളുമുണ്ടായിരുന്നു. കുടുംബങ്ങൾ വിഭജിക്കപ്പെടാൻ തുടങ്ങിയതോടെ കുളങ്ങൾ മണ്ണിട്ടു നികത്തി അതിനു മുകളിൽ വീടുകളായി. കുളി കുളിമുറിയിലേക്കു ചുരുങ്ങിയതോടെ നീന്തൽ സൗകര്യവും ഇല്ലാതായി. നീന്താനോ നീന്തൽ പഠിപ്പിക്കാനോ ആർക്കും സമയവും ഇല്ലെന്നത് മറ്റൊരു കാര്യം.

ഇപ്പോൾ പരീക്ഷാക്കാലമാണ്. മാർച്ച് കഴിയുന്നതോടെ വേനലവധി തുടങ്ങുകയാണ്. കുട്ടികൾ ആർത്തുല്ലസിച്ചു നടക്കുന്ന കാലം. കുട്ടികൾ ഏറ്റവുമധികം മുങ്ങിമരിക്കുന്ന സമയമാണിത്. വീട്ടുകാർ കുട്ടികളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സന്ദർഭമാണിത്.

..................................................................................................................................................................................................................................

നീന്തൽ കരിക്കുലത്തിന്റെ ഭാഗമാക്കാൻ സർക്കാർ മുൻകൈയെടുക്കേണ്ടതാണ്. അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ വലിയ പണച്ചെലവുണ്ടാകുമെന്നത് ശരിയാണ്. എന്നാലും അതിന്റെ ഗുണം തിരിച്ചറിയുമ്പോൾ വലിയ നഷ്ടബോധം തോന്നേണ്ട കാര്യമില്ല. എത്രയോ വിലപ്പെട്ട മനുഷ്യജീവനുകളെ ഭാവിയിൽ രക്ഷിച്ചെടുക്കാനാകുന്ന ഒരു മഹൽ സംരംഭം ആയിരിക്കുമിത്.