life-mission-

തിരുവനന്തപുരം : 'സ്വപ്നം പോലും കാണാനാവാത്ത അസുലഭ നിമിഷം ' കരകുളം ഏണിക്കര കാവുവിള വീട്ടിൽ ചന്ദ്രനെയും കുടുംബത്തെയും ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടിലേക്ക് ഒരു കാരണവരെപ്പോലെ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആനയിച്ചപ്പോൾ അവർ പൊട്ടിക്കരഞ്ഞുപോയി. വീടില്ലാത്തതിനാൽ മൂന്നിടത്തേക്ക് വേർപെട്ടുപോയ ഭിന്നശേഷിക്കാരനായ അച്ഛൻ ചന്ദ്രനും അമ്മ ഒാമനയ്ക്കും മകൾ രോഹിണിക്കും ലൈഫിലൂടെ പുതുജീവിതം പിറന്നപ്പോൾ നാടിനും അതൊരു ആഘോഷമായി. പദ്ധതിയുടെ ഉദ്ഘാടനത്തിനായി തങ്ങളുടെ വീടാണ് തിരഞ്ഞെടുത്തതെന്ന് അറിഞ്ഞതുമുതൽ ചന്ദ്രനും കുടുംബത്തിനും അമ്പരപ്പായിരുന്നു. രാവിലെ 8.45നായിരുന്നു പാലുകാച്ചൽ ചടങ്ങ്. ജനപ്രതിനിധികളും പൊതുപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും മണിക്കൂറുകൾക്ക് മുമ്പേ വീട്ടിലെത്തിയിരുന്നു. 8.30ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.സി.മൊയ്തീനും എത്തി ഒരുക്കങ്ങൾ വിലയിരുത്തി. കൃത്യം 8.40 ഓടെ മുഖ്യമന്ത്രിയും വന്നു.

വീടിന്റെ പ്രതീകാത്മക താക്കോൽ കുടുംബത്തിന് കൈമാറിയ ശേഷം മുഖ്യമന്ത്രിയാണ് വാതിൽ തുറന്നത്. പിന്നാലെ നിലവിളക്കും പാലുകാച്ചാനുള്ള മൺകലവുമായി കുടുംബാംഗങ്ങൾ അകത്തേക്ക് കയറി. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരണമുറിയിലെ കസേരകളിലിരുന്നു. ഓമനയും മകളും അടുത്ത ബന്ധുക്കളും ചേർന്ന് ഗ്യാസടുപ്പിൽ പാലുവച്ചു. പാലു തിളച്ചു തൂവിയപ്പോൾ മുഖ്യമന്ത്രി അടുക്കളയിലെത്തി ഓമനയുടെ കൈകളിലേക്ക് കാച്ചിയ പാൽ പകർന്നു നൽകി. കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉപഹാരങ്ങളും നൽകി. പായസവും പഴവും മന്ത്രിമാർക്കും കുടുംബങ്ങൾക്കും എടുത്തുനൽകിയ ശേഷമാണ് രാവിലെ 9.15 ഓടെ മുഖ്യമന്ത്രി മടങ്ങിയത്.

സി.ദിവാകരൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്, മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, നെടുമങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.