തിരുവനന്തപുരം : ലൈഫ് പദ്ധതിപ്രഖ്യാപന തട്ടിപ്പിനെതിരെ യു.ഡി.എഫ് തിരുവനന്തപുരം നഗരസഭ അപേക്ഷകരുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നഗരത്തിലെ 18017 അപേക്ഷകരിൽ ഒരാൾക്കുപോലും വീടോസ്ഥലമോ നൽകാതെ വഞ്ചിച്ചിട്ടും ലൈഫ് പദ്ധതിപ്രകാരം രണ്ടുലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെയായിരുന്നു നഗരസഭാ കവാടത്തിൽ സംഗമം നടന്നത്. പദ്ധതിയിലെ മുതിർന്ന അപേക്ഷക മേരിജാനറ്റ് സംഗമം ഉദ്ഘാടനം ചെയ്തു. പള്ളിത്തുറയിൽ കഴിഞ്ഞ 24വർഷമായി വാടകയ്ക്ക് താമസിക്കുന്ന മേരിജനറ്റിന് ഉമ്മൻചാണ്ടി സർക്കാർ വീട് അനുവദിച്ചിരുന്നെങ്കിലും അന്നത്തെ എൽ.ഡി.എഫ് കൗൺസിലർ ഒപ്പിടാത്തതിനാൽ നടപടിക്രമം പൂർത്തിയാക്കാനായില്ല. താൻ കഴിഞ്ഞ നാലര വർഷമായി നഗരസഭയിൽ കയറിയിറങ്ങുകയാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് അപേക്ഷ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. ഇനിയെങ്കിലും തങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്നും അവർ പറഞ്ഞു. കൗൺസിലർ അനിൽകുമാർ അദ്ധ്യക്ഷനായി. ഉമ്മൻചാണ്ടി സർക്കാർ മൂന്നാംഘട്ട പണിയും പൂർത്തിയാക്കിവെച്ച ഒന്നേമുക്കാൽ ലക്ഷം വീടുകളും ഉൾപ്പെടുത്തിയാണ് പിണറായി സർക്കാർ പുത്തരിക്കണ്ടത്ത് പ്രഖ്യാപനം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ് ആരോപിച്ചു. വി.എസ് ശിവകുമാർ എം.എൽ.എ, എം.എ.വാഹിദ്, മൺവിള രാധാകൃഷ്ണൻ,മണക്കാട് സുരേഷ്,ബാബുദിവാകരൻ,സോളമൻ അലക്സ്,ബീമാപള്ളി റഷീദ്,എം.എ.ലത്തീഫ്,പി.കെ.വേണുഗോപാൽ,ശാസ്തമംഗലം മോഹനൻ,ജോൺസൺ ജോസഫ്, പേട്ട അനിൽകുമാർ, പി.എസ്.പ്രശാന്ത്, എൻ.എസ്.നുസൂർ,കമ്പറ നാരായണൻ,കരിമം സുന്ദരേശൻ,കോട്ടാത്തല മോഹനൻ,കൈമനം പ്രഭാകരൻ,മഹേശ്വരൻ നായർ,ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.