തിരുവനന്തപുരം: വ്യാജരേഖ ചമച്ച് സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ച കേസിൽ സഹോദരനടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. പൊന്നമ്പലം സ്റ്റീൽസ് ഉടമ വഴുതക്കാട് മീനാക്ഷി ഫ്ളാറ്റിൽ താമസിക്കുന്ന ബൈജു വസന്ത്,ചാല സബ് രജിസ്ട്രാർ ഓഫീസിനടുത്ത് എഴുത്താഫീസ് നടത്തുന്ന ആറ്റുകാൽ പാടശ്ശേരി ചന്ദ്രകുമാർ, കോട്ടയ്ക്കകത്ത് എഴുത്താഫീസ് നടത്തുന്ന ആനയറ ശ്രീഹരി വീട്ടിൽ എസ്.ശ്രീകുമാർ എന്നിവരാണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്.ബൈജുവിന്റെ സഹോദരിയായ ബിനു വസന്തിന്റെ പരാതിയിലാണ് അറസ്റ്റ്. ബൈജുവിനും സഹോദരിമാരായ ബിനു വസന്ത്, ബിന്ദു വസന്ത് എന്നിവർക്കും അമ്മൂമ്മ ധനനിശ്ചയ പ്രകാരം കൂട്ടവകാശത്തിൽ രജിസ്റ്റർ ചെയ്തു നൽകിയ വസ്‌തുവും കെട്ടിടവും വ്യാജ ആധാരം തയ്യാറാക്കി ബൈജുവിന്റെ മകളുടെ പേരിലേക്ക് മാറ്റിയെന്നാണ് പരാതി. പഴവങ്ങാടി ഗണപതി കോവിലിന് എതിർ വശത്തുള്ള ലക്ഷങ്ങൾ വിലവരുന്ന മൂന്നു നില കെട്ടിടമാണ് വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയത്. ബിന്ദുവസന്ത് വർഷങ്ങളായി വിദേശത്തായതിനാൽ അവർ വസ്തുവിന്റെ കാര്യങ്ങളിൽ ഇടപെടില്ലായിരുന്നു. 2014ൽ പിതാവ് മരണപ്പെട്ടതോടെ മൂത്ത മകനെന്ന നിലയിൽ രേഖകൾ കൈവശത്താക്കിയ ബൈജു സഹോദരങ്ങളറിയാതെ രേഖകളിൽ അവകാശം തന്റെതു മാത്രമാക്കി മാറ്റുകയായിരുന്നു. അതിന് ശേഷം വസ്തുവിന്റെ യാഥാർത്ഥ ആധാരങ്ങൾ നഷ്ടപ്പെട്ടതായി പത്രപരസ്യം നൽകി. അവകാശികളിൽ ഒരാളായ ബൈജുവാണ് താനെന്ന് വ്യാജരേഖകളിലൂടെ ആൾമാറാട്ടം നടത്തിയശേഷം ആധാരം തയ്യാറാക്കുകയായിരുന്നു. തുടർന്ന് ചാല സബ് രജിസ്ട്രാർ ഓഫീസിൽ 2018 ആഗസ്റ്റ് 10 ന് മകളുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്ത് ഉടമസ്ഥാവകാശവും കൈമാറി. വസ്തു കരമടവ് സംബന്ധിച്ച് ബിനു വസന്തിന് ചില സംശയങ്ങളുണ്ടായതിനെ തുടർന്ന് രേഖകൾ കാണണമെന്ന് സഹോദരനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈജു വസ്തു തട്ടിയെടുത്തതായി മനസിലായതേടെയാണ് പരാതി നൽകിയത്. ഫോർട്ട് സി.ഐ ഷെറി,സബ് ഇൻസ്‌പെക്ടർമാരായ വിമൽ,സജു എബ്രഹാം,ജയ ബി, എസ്.സി.പി.ഒ മാരായ സാബു,ബിനു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.