manikandan

തിരുവനന്തപുരം: ജിവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് നിറവേറിയതിന്റെ സന്തോഷത്തിലാണ് ജന്മനാ അരയ്ക്കു താഴേയ്ക്ക് തളർന്നുപോയ തിരുവനന്തപുരം കാച്ചാണി സ്വദേശി മണികണ്ഠൻ. ഒരിക്കലെങ്കിലും നേരിൽക്കാണണമെന്ന് അതിയായി ആഗ്രഹിച്ച പ്രിയപ്പെട്ട നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെക്കാണാൻ വീട്ടിലെത്തിയതിന്റെ ത്രില്ലിലാണിപ്പോൾ മണികണ്ഠൻ​.

ഇന്നലെ രാവിലെ 9.30തോടെയാണ് മണികണ്ഠനെ കാണാൻ മുഖ്യമന്ത്രി കാച്ചാണിയിലെ വീട്ടിലെത്തിയത്. വീടിന് സമീപം കരകുളത്ത് ലൈഫ് പദ്ധതിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്ന വിവരം അറിഞ്ഞ 43കാരനായ മണികണ്ഠൻ തന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ചിരുന്നു. പ്രദേശത്തെ പൊതുപ്രവർത്തകരിലൂടെയാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വിവരമെത്തിയത്. മണികണ്ഠന്റെ ആഗ്രഹം അറിഞ്ഞ മുഖ്യമന്ത്രി കരകുളത്തെ ഉദ്ഘാടന പരിപാടികഴിഞ്ഞ് കാച്ചാണിയിലെ വീട്ടിലേക്കെത്തുകയായിരുന്നു.

മണികണ്ഠന്റെ മതാപിതാക്കളും പ്രദേശവാസികളും ചേർന്ന് മുഖ്യന്ത്രിയെ സ്വീകരിച്ചു. വീടിനുള്ളിലേക്ക് കയറിയ മുഖ്യമന്ത്രി സ്വീകരണമുറിയിൽ നിലത്ത് കാത്തിരുന്ന മണികണ്ഠന് കൈകൊടുത്തു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. സന്ദർശന ദിവസം അതിവർഷ ദിനമാണെന്ന് ഓർമിപ്പിച്ചു. തനിക്കു സമ്മാനിച്ച പുസ്തകം ഒപ്പിട്ട് തിരികേ മണികണ്ഠനു നൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രിയുടെ ചിത്രമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായ മണികണ്ഠൻ തന്റെ വാട്ട്സ്‌ ആപ്പ്, ഫേസ് ബുക്ക് അക്കൗണ്ടുകളുടെ പ്രൊഫൈൽ പിക്ചറാക്കിയിരിക്കുന്നത്.

പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയാണ് തന്നെ ആകർഷിച്ചതെന്ന് മണികണ്ഠൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സ്‌കൂളിൽ പോകാതെ എഴുത്തും വായനയും പഠിച്ച മണികണ്ഠന് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളാണ് ഇഷ്ടം. സോഷ്യൽ മീഡിയിൽ സജീവ സാന്നിദ്ധ്യമാണ്. മോട്ടോർ വാഹനവകുപ്പിൽ നിന്ന് വിരമിച്ച പരമേശ്വരൻ നായരുടെയും രമാദേവിയുടെയും മൂന്നാമത്തെ മകനാണ് മണികണ്ഠൻ. സഹോദരൻ ബിജു (കാലടി സർവകലാശാല ജീവനക്കാരൻ) സഹോദരി ബിന്ദു (അദ്ധ്യാപിക).