വക്കം: നിലയ്ക്കാമുക്കിൽ പൊതുനിരത്ത് കൈയേറി കച്ചവടം .നിലയ്ക്കാമുക്ക് പബ്ളിക് മാർക്കറ്റിന്റെ ശോച്യാവസ്ഥയിൽ പ്രതിക്ഷേധിച്ച് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളികൾ അടക്കം ബഹുഭൂരിപക്ഷം കച്ചവടക്കാരും മാർക്കറ്റിലെ കച്ചവടം ഉപേക്ഷിച്ച് , റോഡിന്റെ ഇരുവശങ്ങളും കൈയേറി കച്ചവടം നടത്തുകയായിരുന്നു .
ഇതിനിടെ, കേന്ദ്ര സർക്കാർ ചന്തയുടെ നവീകരണത്തിന് 1.52 കോടി അനുവദിച്ചെന്നും പ്രസ്തുത ഫണ്ട് ഗ്രാമപഞ്ചായത്ത് ചിലവഴിക്കുന്നില്ലന്നും ആരോപിച്ച് സമരക്കാർക്ക് പിൻതുണയുമായി ബി.ജെ.പി എത്തി. വക്കം ഗ്രാമ പഞ്ചായത്ത് മാർക്കറ്റിലെ കച്ചവടക്കാർക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലന്നും, ഉണ്ടായിരുന്ന ഷെഡുകൾ പോലും പൊളിച്ചു നീക്കുകയായിരുന്നുവെന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നും കച്ചവടക്കാർ ആരോപിച്ചു. നിരത്തിനിരുവശവും കച്ചവടം ആരംഭിച്ചതോടെ വാഹന ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയായി. തൊട്ടടുത്ത യു.പി .സ്കൂളിനുമുന്നിലും കച്ചവടക്കാർ നിരന്നതോടെ കടയ്ക്കാവൂർ പൊലീസെത്തി കച്ചവടക്കാരെ തിരിച്ച് ചന്തയ്ക്കുള്ളിൽ കയറ്റുകയായിരുന്നു.