തിരുവനന്തപുരം: പൊലീസിൽ നിന്ന് കാണാതായ വെടിയുണ്ടകളുടെ ഭാവി എന്തുതന്നെയായാലും രാഷ്ട്രീയ വെടിയുണ്ടകൾക്ക് നാട്ടിൽ പഞ്ഞമില്ലാത്തതിനാൽ നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പ്.
സി.എ.ജി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പൊലീസ് തലപ്പത്തെ അഴിമതിയാരോപണങ്ങളെ പിടിച്ച് നിയമസഭയിൽ നാളെ പ്രതിപക്ഷം ആഞ്ഞടിക്കും. വെടിയുണ്ടകളും തോക്കുകളും കാണാതായത് 2014ൽ യു.ഡി.എഫ് ഭരണകാലത്താണെന്ന മറുവാദമുയർത്തിയും പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ വിജിലൻസ് കേസുകളെടുത്തിട്ടും ഭരണപക്ഷവും പ്രതിരോധിക്കും. സഭാസമ്മേളനം ഒന്നര മാസത്തോളം നീളുമെന്നതിനാൽ ആവനാഴിയിൽ കഴിയാവുന്നത്ര ആയുധങ്ങൾ കരുതിയാവും ഇരുപക്ഷവും നാളെ മുതൽ സഭയിലേക്കെത്തുക.
ഏറക്കുറെ ശാന്തമായ കാലാവസ്ഥയിലാണ് പതിനഞ്ച് ദിവസം മുമ്പ് സഭാ സമ്മേളനം അവസാനിച്ചതെങ്കിൽ ഇക്കുറി
രൗദ്രഭാവത്തിലാവും. സമ്പൂർണ ബഡ്ജറ്റ് പാസാക്കാനാണ് നാളെ മുതൽ ഏപ്രിൽ എട്ട് വരെയായി സഭ ചേരുന്നത്. നാളെ നടപ്പ് വർഷത്തെ അവസാനപാദത്തിലേക്കുള്ള ഉപധനാഭ്യർത്ഥനയിന്മേലുള്ള ചർച്ചയും വോട്ടെടുപ്പുമാണ്. ചൊവ്വാഴ്ച മുതൽ പതിമ്മൂന്ന് ദിവസക്കാലം പുതിയ ബഡ്ജറ്റിന്റെ വകുപ്പു തിരിച്ചുള്ള ധനാഭ്യർത്ഥനകൾ. വെള്ളിയാഴ്ചകളിൽ സ്വകാര്യ അംഗങ്ങളുടെ ദിവസമാണ്.
നാളെ രാവിലെ ചോദ്യോത്തരവേള മുതൽ സി.എ.ജി റിപ്പോർട്ടിൽ തട്ടി സഭ ഇളകിമറിയുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ചോദ്യം തന്നെ ഇതുമായി ബന്ധപ്പെട്ടതാണ്. പ്രതിപക്ഷാംഗങ്ങൾ നോട്ടീസ് നൽകിയ ചോദ്യങ്ങളിലേറെയും പൊലീസ് തലപ്പത്തെ ആരോപണ വിവാദങ്ങളെ ചൊല്ലിയുള്ളതാണെന്നതും ശ്രദ്ധേയം.
സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന്റെ നടപടിക്രമങ്ങൾ മാർച്ച് 30ഓടെയാണ് പൂർത്തിയാവുക. 2020-21 ബഡ്ജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗബില്ല് അന്നാണ് പരിഗണിക്കുക. 2020ലെ ധനകാര്യബില്ലും സഭ പാസാക്കും. സർക്കാർകാര്യങ്ങൾക്കായി നീക്കിവച്ച ഏഴ് ദിവസങ്ങളിൽ കാര്യോപദേശകസമിതി തീരുമാനിക്കുന്നത് പ്രകാരമുള്ള ബില്ലുകൾ പരിഗണിക്കും.
കടലാസ് രഹിത നിയമസഭ എന്ന ആശയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സമ്മേളനത്തിൽ തുടക്കമിട്ട ഇ-നിയമസഭ പദ്ധതി ഈ സമ്മേളനത്തിൽ കൂടുതൽ വിപുലീകരിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു.