milma

തിരുവനന്തപുരം: ഇടക്കാലത്ത് നിറുത്തിവച്ച കർഷകർക്കുള്ള വേനൽക്കാല ഇൻസെന്റീവ് പുനഃസ്ഥാപിക്കാനൊരുങ്ങി മിൽമ. ഇന്നലെ നടന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് പ്രാഥമിക ആലോചന നടന്നു.
സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ലിറ്ററിന് ഒന്നര മുതൽ രണ്ടു രൂപ വരെ ഇൻസെന്റീവ് അനുവദിക്കുന്നതാണ് പദ്ധതി. നിലവിൽ മലബാർ മേഖലാ യൂണിയൻ മാത്രമാണ് വേനൽക്കാല സബ്‌സിഡി നൽകുന്നത്. എറണാകുളം, തിരുവനന്തപുരം യൂണിയനിൽ കൂടി ഇത് നടപ്പാക്കണമെന്ന ആലോചനയാണ് നടന്നത്. ഇതിനായി സർക്കാരിൽ നിന്നുള്ള സഹായത്തിനായി അഭ്യർത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരുലിറ്റർ പാലിന് കുറഞ്ഞത് നാലുരൂപയെങ്കിലും കർഷകന് നൽകിയാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ പിടിച്ചുനില്ക്കാൻ കഴിയൂവെന്നാണ് കർഷകർ പറയുന്നത്.

മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവരും

പാൽ ക്ഷാമം പരിഹരിക്കാൻ ലിറ്ററിന് 42 രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്നെത്തിച്ച പാലിന് കൊഴുപ്പും ഗുണനിലവാരവുമില്ലാത്തതിനാൽ മഹാരാഷ്ട്രയിൽ നിന്നു പാൽ കൊണ്ടുവരാൻ മിൽമ നീക്കം തുടങ്ങി. കർണാടകയിൽ സ്‌കൂൾ അവധി തുടങ്ങിയാൽ കൂടുതൽ പാൽ നൽകാൻ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ മഹാരാഷ്ട്രയിൽ നിന്ന് പാൽ കൊണ്ടുവരാനാണ് ചർച്ച നടത്തിയത്. മഹാരാഷ്ട്ര പാലിന് ലിറ്ററിന് 40 രൂപയ്‌ക്ക് താഴെ നൽകിയാൽ മതിയെന്നതും പരിഗണിക്കുന്നുണ്ട്.