നെയ്യാറ്റിൻകര: വേനലെത്തും മുൻപ് തന്നെ പ്രദേശത്തെ കിണറുകളും നീരുറവകളും വറ്റിവരളാൻ തുടങ്ങി. ഇതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഇവിടുത്തെ ജനം. ആകെ ആശ്രയമായിരുന്ന പൈപ്പ് വെള്ളവും പണി മുടക്കാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് ഇരട്ടി പ്രഹരമാണ് കുടിവെള്ളക്ഷാമം നൽകുന്നത്. നിലവിൽ മുൻവർശത്തെക്കാൾ ജലദൗർലഭ്യം വർദ്ധിച്ചിരിക്കുകയാണ്. നെയ്യാർ ഡാമിൽ നിന്നും കനാലുകൾ വഴി ജലം തുറന്നു വിട്ടിരുന്നെങ്കിൽ ഗ്രാമീണ മേഖലയിൽ ഇത്രയധികം ജലദൗ‌ലഭ്യം ഉണ്ടാകില്ലായിരുന്നു. നെയ്യാറിലാകട്ടെ ആവശ്യത്തിന് ജലം ഉണ്ടായിരുന്നിട്ടും നെയ്യാറ്റിൻകരയ്ക്ക് വേണ്ടി നെയ്യാറിന്റെ തീരത്ത് വെറും മൂന്ന് കുടിവെള്ള പദ്ധതികൾ മാത്രമാണ് ഉള്ളത്. ആവശ്യമായ പദ്ധതികൾ നടപ്പാക്കി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജനം കുടിനീരിനായി പരക്കം പായുമ്പോൾ നെയ്യാറിന് കുറുകെ നിരവധി തടയണ നിർമ്മിച്ച് നെയ്യാറ്റിൻകര താലൂക്കിന് ആവശ്യമായ മുഴുവൻ ജലവും ശേഖരിക്കാമെന്നിരിക്കെ പദ്ധതികൾ ഒന്നും നടപ്പാക്കുന്നില്ല. പകരം നെയ്യാർ ജലം പൂവാർ പൊഴിക്കരയിലെത്തി കടലിലേക്ക് ഒഴുകി പാഴായി പോവുകയാണ്.

കാളിപ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണം ആരംഭിച്ചിട്ട് കാൽ നൂ​റ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി പൂർണമായു കമ്മിഷൻ ചെയ്യാനാകാതെ കുഴയുകയാണ് അധികൃതർ. ഉയർന്ന സമ്മർദ്ദത്തിലുള്ള ജല പ്രവാഹം കാരണം അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലാണ് പ്രധാന തടസം. നെയ്യാ​റ്റിൻകര തൊഴുക്കൽ വിതരണ ടാങ്കിൽ നിന്നും വരുന്ന കൂ​റ്റൻ പൈപ്പ് ആശുപത്രി ജംഗ്ഷനിലും ആലുമ്മൂട് ജംഗ്ഷനിലും അടുത്തിടെ തുടർച്ചയായി മൂന്നിലേറെ പ്രാവശ്യം പൊട്ടി. ഇതു കാരണം പദ്ധതിയുടെ ആദ്യ ഘട്ടനിർമാണ പ്രവർത്തനംപോലും പൂർത്തിയാക്കാൻ ജല അതോറി​റ്റിക്കായില്ല. ഇപ്പോഴും പഴയ പൈപ്പ് മാ​റ്റി പുതിയ പൈപ്പിടൽ നടക്കുകയാണ്.