നെടുമങ്ങാട്: ഭവനരഹിതർക്കുള്ള വീടു നിർമ്മാണത്തിൽ റെക്കോഡ് സ്ഥാപിച്ച് നെടുമങ്ങാട് നഗരസഭ. ലൈഫ് മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വീടുകൾ നിർമ്മിക്കുകയും കൂടുതൽ വീടുകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തതിലുള്ള അംഗീകാരമാണ് നഗരസഭയെ തേടി എത്തിയിരിക്കുന്നതെന്ന് ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വിശദീകരിച്ചു. ഭവന രഹിതർക്കായി 2,006 വീടുകൾ നിർമ്മിക്കാനുള്ള അനുമതിയാണ് പി.എം.വൈ ലൈഫ് പദ്ധതി പ്രകാരം നഗരസഭയ്ക്ക് ലഭിച്ചത്. ഇതിൽ 1,313വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ തകൃതിയിൽ നടന്നു വരുന്നു. മുഴുവൻ വീടുകളുടെയും നിർമ്മാണം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നതോടെ ഭവനരഹിതരില്ലാത്ത നഗരസഭയെന്ന ഖ്യാതി നെടുമങ്ങാട് നഗരസഭ സ്വന്തമാക്കും. പദ്ധതി അനുവദിച്ച് കുറഞ്ഞ കാലയളവിനുള്ളിൽ ആയിരത്തിലധികം വീടുകളാണ് വിവിധ വാർഡുകളിലായി നിർമ്മിച്ചത്. ഭൂമിയുള്ള ഭവന രഹിതർക്ക് വീടുവയ്ക്കാനായി നാലു ലക്ഷം രൂപയാണ് നഗരസഭ നല്കുന്നത്. സർക്കാർ വിഹിതത്തിനു പുറമെ ഹഡ്കോയില്‍ നിന്നും 30 കോടി രൂപ കടമെടുത്താണ് പദ്ധതി നടത്തിപ്പിനാവശ്യമായ തുക നഗരസഭ കണ്ടെത്തിയത്. അറുനൂറ് സ്ക്വയർ ഫീറ്റിൽ ഒരു കുടുംബത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളോടെ മനോഹരമായാണ് വീടുകളുടെ നിർമ്മാണം.ലൈഫ് പദ്ധതി പ്രകാരമുള്ള ഭവനങ്ങൾക്കു പുറമെ പട്ടികജാതി,പട്ടിക വർഗ കുടുംബങ്ങൾക്കു വേണ്ടി 300 വീടുകൾ ഇതിനോടകം നിർമ്മിച്ചു നല്കി. ഭൂരഹിതരായ ഭവനരഹിതർക്കു വേണ്ടി ഫ്ലാറ്റു സമുച്ഛയം നിർമ്മിക്കാൻ ഭൂമികണ്ടെത്തി സർക്കാരിന് കൈമാറിക്കഴിഞ്ഞു.