തിരുവനന്തപുരം: പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണു വാരിയിടുന്ന പ്രവർത്തനമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം (2,14,262) വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിന്ന് യു.ഡി.എഫ് വിട്ടുനിന്നതിനെ അദ്ദേഹം അതിരൂക്ഷമായി വിമർശശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശശി തരൂർ എം.പിയും ചടങ്ങ് ബഹിഷ്‌ക്കരിച്ചത് ഈ പാവങ്ങളോട് യു.ഡി.എഫ് കാട്ടിയ ക്രൂതയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്ര ഇടുങ്ങിയ മനസ് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. അർഹത പരിശോധിച്ച് ഇനിയും വീടുകൾ അനുവദിക്കും.
യു.ഡി.എഫ് നേരത്തെയും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക കേരള സഭയിൽ നിന്നും വിട്ട് നിന്നു. പ്രളയ പുനരധിവാസത്തിലും പ്രതിപക്ഷം മാറി നിന്നു. എറണാകുളത്ത് നിക്ഷേപ സംഗമം നടത്തിയപ്പോഴും ബഹിഷ്‌കരിച്ചു.
ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള സമരത്തിലും പ്രതിപക്ഷം ഒന്നിച്ചില്ല. എന്നാൽ നാടിന്റെ ഐക്യവും ഒരുമയും നഷ്ട്ടപ്പെട്ടിട്ടില്ല. പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. ഇനിയും ഒരുമിച്ച് പോകേണ്ട സാഹചര്യമുണ്ട്. നാടിന്റെ ഭാവിയെക്കരുതി നിഷേധാത്മക നിലപാട് സ്വീകരിക്കരുത്. അങ്ങനെ സ്വീകരിച്ചാൽ ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാരെന്ന് വിധിയെഴുതും.
ആദ്യഘട്ടത്തിൽ ലൈഫ് പദ്ധതി പ്രകാരം 97 ശതമാനം വീടുകൾ പൂർത്തിയായി. ശേഷിച്ചവർ അവരുടെ കുടുംബപരമായ പ്രശ്‌നങ്ങളോ, ഭൂമി സംബന്ധമായ പ്രശ്‌നങ്ങളോ നേരിടുന്നവരാണ്. ഈ തർക്കങ്ങൾ തീർക്കാൻ സർക്കാർ സാധ്യമായ രീതിയിലെല്ലാം ഇടപെട്ടതാണ്. സർക്കാർ ഇടപെട്ട് പരിഹാരം കാണാൻ സാധിക്കാത്തവയുടെ പൂർത്തീകരണമാണ് അവശേഷിക്കുന്നത്. അത് ലൈഫ് മിഷന്റെ ദൗർബല്യമല്ല, അവരുടെ സ്ഥലത്തിന്റെ പ്രത്യേക പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടം 1,62,000 വീടുകൾ പൂർത്തീകരിക്കാനായി. 5851 കോടിയിൽ പരം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വീട് ലഭിച്ച എല്ലാ കുടുംബങ്ങളെയും എല്ലാ അർത്ഥത്തിലും സർക്കാർ ചേർത്തു പിടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പി.എം.എ.വൈ ഉൾപ്പെടെയുള്ള സഹായം കൊണ്ടും മറ്റ് വകുപ്പുകളുടെ പദ്ധതികൾ ഏകോപിപ്പിച്ചുമാണ് ലൈഫ് പദ്ധതി നടപ്പിലാക്കിയത്. നാട്ടുകാരല്ലാവരും ഒത്തു ചേർന്നപ്പോഴാണ് വിജയം ഉണ്ടായത്. 2001 മുതൽ വീട് നിർമ്മിക്കുന്നതിനു സഹായം ലഭിച്ചിട്ടും അത് സാധിക്കാതിരുന്ന 54,237 പേരിൽ 52,050 പേർക്ക് വീട് പൂർത്തിയാക്കാൻ കഴിഞ്ഞതാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം. - മുഖ്യമന്ത്രി പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, അഡ്വ. കെ.രാജു, മേയർ കെ.ശ്രീകുമാർ, എം.എൽ.എ മാരായ വി.കെ. പ്രശാന്ത്, ബി.സത്യൻ, കെ. ആൻസലൻ, സി.കെ.ഹരീന്ദ്രൻ, വി.കെ മധു, യു.വി ജോസ് തുടങ്ങിയവർ സംസാരിച്ചു.