തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്റി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് മൂന്നാംവട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയില്ലെന്നും കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും വിജിലൻസ് അറിയിച്ചു. കഴിഞ്ഞ 15ന് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. അന്ന് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ എസ്.പി വിനോദ് കുമാറിന്റെയും ഡിവൈ.എസ്.പി ശ്യാം കുമാറിന്റെയും നേതൃത്വത്തിൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്.
വിജിലൻസ് നടപടികളോടുള്ള സഹകരണം തുടരുമെന്നു ചോദ്യംചെയ്യലിനുശേഷം ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. മുൻപുള്ള മൊഴിയും രേഖകളും പരിശോധിച്ച വിജിലൻസ് അതിലെ പൊരുത്തക്കേടുകളെക്കുറിച്ചാണ് ചോദിച്ചത്. പാലം നിർമ്മിച്ച കമ്പനിക്ക് 8.25 കോടി രൂപ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് മുൻ മരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് മൊഴി നൽകിയത്. ഈ ആരോപണത്തിന് അടിസ്ഥാനമായ രേഖകളെക്കുറിച്ചും മുൻപ് നൽകിയ മൊഴിയിലെ ചില പൊരുത്തക്കേടുകളെക്കുറിച്ചും വിജിലൻസ് ചോദിച്ചറിഞ്ഞു. അസിസ്റ്റന്റ് മുതൽ സെക്രട്ടറി വരെ മുൻകൂറായി തുക കരാറുകാരന് നൽകാമെന്നു ചൂണ്ടിക്കാണിച്ച ഫയൽ മന്ത്റിയെന്ന നിലയിൽ അംഗീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന മൊഴി അദ്ദേഹം ആവർത്തിച്ചു. കരാറുകാർക്ക് തുക അനുവദിച്ചത് ഉദ്യോഗസ്ഥരാണെന്നും ഇത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും അവകാശപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൂർത്തിയായത്. കഴിഞ്ഞ തവണ മകനോടൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ഇത്തവണ ഒറ്റയ്ക്കായിരുന്നു.