india-womens-cricket
india womens cricket

ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരത്തിലും വിജയിച്ച ഇന്ത്യൻ

ടീം എ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത്

അവസാന ഗ്രൂപ്പ് മത്സരത്തിൽ ലങ്കയെ

കീഴടക്കിയത്

ഏഴ് വിക്കറ്റിന്

മെൽബൺ : വനിത ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് റൗണ്ടിൽ എല്ലാമത്സരവും ജയിച്ച് സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യൻ ടീം. ഇന്നലെ ഗ്രൂപ്പ് എയിലെ നാലാം മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യൻ വനിതകൾ എട്ട് പോയിന്റുമായാണ് ടോപ് പൊസിഷനിലെത്തിയത്. കഴിഞ്ഞദിവസം ന്യൂസിലാൻഡിനെ കീഴടക്കിയപ്പോൾതന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു.

ഇന്നലെ മെൽബണിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 113/9 എന്ന സ്കോറിൽ ഒതുക്കിയശേഷം 14.4 ഒാവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു ഇന്ത്യ. നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രാധായാദവിന്റെ ബൗളിംഗും 34 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം 47 റൺസ് നേടിയ ഷെഫാലി വെർമ്മയുടെ ബാറ്റിംഗുമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. തന്റെ ട്വന്റി 20 കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ രാധയാണ് പ്ളേയർ ഒഫ് ദ മാച്ച്.

തന്റെ രണ്ടാം ഒാവറിലെ ആദ്യപന്തിൽ ലങ്കൻ ഒാപ്പണർ തിമാഷിനിയെ (2) മടക്കി അയച്ച് ദീപ്തി ശർമ്മയാണ് ഇന്ത്യയ്ക്കു ആദ്യ ബ്രേക്ക് നൽകിയത്. ക്യാപ്ടൻ ചമരി അട്ടപ്പട്ടു ജയാംഗി (33) ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും മാദവി (12), വിൻസിമ കരുണ രത്‌നെ (7), ഹാസിനി പെരേര (7), ശശികല സിരിവർദ്ധനെ (13), സഞ്ജീവനി (1), നീലാക്ഷി ഡിസിൽവ (8) എന്നിവരെ പുറത്താക്കി രാധായാദവും രാജേശ്വരി ഗേയ്ക്ക് വാദും പൂനം യാദവും ചേർന്ന് ലങ്കയെ തകർത്തു. 80/7 എന്ന നിലയിലായിരുന്ന ലങ്കയെ വാലറ്റത്ത് 16 പന്തുകളിൽ രണ്ട് ഫോറടക്കം പുറത്താകാതെ 25 റൺസ് നേടിയ കവിഷ ദിഹാരിയാണ് 113 ലെത്തിച്ചത്.

നാലോവറിൽ ഒരു മെയ്‌ഡനടക്കം 18 റൺസ് വഴങ്ങി രാജേശ്വരി ഗെയ്ക്ക് വാദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപ്തി ശർമ്മ, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഷെഫാലിയും സ്മൃതി മന്ദാനയും (17), ചേർന്ന് മാന്യമായ അടിത്തറയിട്ടു. 22 പന്തുകളിൽ 34 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. അഞ്ചാം ഒാവറിൽ സ്മൃതി പുറത്തായശേഷമിറങ്ങിയ ഹർമൻ പ്രീത് കൗർ (15) ഷെഫാലിക്കൊപ്പം 47 റൺസ് കൂട്ടിച്ചേർത്ത് മടങ്ങി. 11-ാം ഒാവറിൽ ഷെഫാലി റൺ ഒൗട്ടായശേഷം ജെമീമ റോഡ്രിഗസും (15 നോട്ടൗട്ട്), ദീപ്തി ശർമ്മലും (15 നോട്ടൗട്ട്) ചേർന്ന് 32 പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തിക്കുകയായിരുന്നു.

ഗ്രൂപ്പ് എ പോയിന്റ് നില

രാജ്യം, കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ

ഇന്ത്യ 4-4-0-8

ആസ്ട്രേലിയ 3-2-1-4

ന്യൂസിലാൻഡ് 3-2-1-4

ശ്രീലങ്ക 3-0-3-0

ബംഗ്ളാദേശ് 3-0-3-0

സെമിയിൽ ആര്

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാണ് ഗ്രൂപ്പ് എ ചാമ്പ്യൻമാരെന്ന നിലയിൽ ഇന്ത്യ സെമിയിൽ നേരിടേണ്ടത്. ഗ്രൂപ്പ് ബിയിൽ നിലയിൽ നാല് പോയിന്റുവീതമുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ഇംഗ്ളണ്ട് രണ്ടാമതുമാണ്.

സ്റ്റംപിന് നേരെ പന്തെറിയുന്നതിൽ മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളു. ബൗളേഴ്സ് എല്ലാം മികവ് പ്രകടിപ്പിച്ചതുകൊണ്ടാണ് സെമിയിലെത്താൻ കഴിഞ്ഞത്.

രാധാ യാദവ്

4-0-23-4

ട്വന്റി 20 കരിയറിലെ തന്റെ ബെസ്റ്റ് പ്രകടനമാണ് രാധ ഇന്നലെ പുറത്തെടുത്തത്.

4

ടൂർണമെന്റിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയം

161

ടൂർണമെന്റിലെ നാല് മത്സരങ്ങളിൽനിന്ന് ഷെഫാലി നേടിയ റൺസ്. റൺവേട്ടയിൽ രണ്ടാം സ്ഥാനത്താണ്. ഷെഫാലിയെങ്കിലും സ്ട്രൈക്ക് റേറ്റിൽ (161) ഒന്നാമതാണ്. 176 റൺസ് മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയ ഇംഗ്ളണ്ടിന്റെ ഹീതർ നൈറ്റാണ് ഒന്നാംസ്ഥാനത്ത്.