ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലും കെട്ടഴിഞ്ഞുവീണ് പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര. തന്റെ രണ്ടാമത്തെ ടെസ്റ്റിൽ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ച ആറടി എട്ടിഞ്ചുകാരൻ കൈൽ ജാമീസണിന്റെയും വെറ്ററൻ പേസർ ടിം സൗത്തിയുടെയും മൂർച്ചയേറിയ ബൗളിംഗിന് മുന്നിൽ 243 റൺസിനാണ് ഇന്ത്യൻ ടീം മുട്ടുകുത്തിവീണത്. ആദ്യദിനം മറുപടിക്കിറങ്ങിയ കിവീസ് സ്റ്റംപെടുക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 63 റൺസിലെത്തിയിട്ടുണ്ട്. ആതിഥേയർക്ക് 180 റൺസ് കൂടി നേടിയാൽ ഇന്ത്യൻ സ്കോർ മറികടക്കാം.
ആദ്യ മത്സരത്തിലെ ബാറ്റിംഗ് പരാജയത്തിൽനിന്ന് വലിയ പാഠങ്ങളൊന്നും ഇന്ത്യ പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ ഇന്നിംഗ്സ്. പരിക്കേറ്റ പേസർ ഇശാന്തിന് പകരം ഉമേഷ് യാദവിനെയും സ്പിന്നർ അശ്വിന് പകരം രവീന്ദ്ര ജഡേജയെയും കൂട്ടിയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വിഷാ (54), ചേതേശ്വർ പുജാര (54), ഹനുമ വിഹാരി (55) എന്നിവർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലിും ആദ്യദിനം തികച്ച് ബാറ്റുചെയ്യാൻ കഴിഞ്ഞില്ല. മായാങ്ക് അഗർവാൾ (7), വിരാട് കൊഹ്‌ലി (3), അജിങ്ക്യ രഹാനെ (7), എന്നിവർ ഒറ്റയക്കത്തിന് പുറത്തായത് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകളഞ്ഞു. ജാമീസൺ അഞ്ച് വിക്കറ്റിന്റെ ആഘോഷത്തിലായിരുന്നുവെങ്കിലും ഇന്ത്യയുടെ നടുവൊടിച്ചത് ടിം സൗത്തിയാണ്. ബൗൾട്ടിനും രണ്ട് വിക്കറ്റ് ലഭിച്ചു. വാഗ്‌നർക്കും ഒന്നും. എന്നാൽ മറുപടി ഇന്നിംഗ്സിൽ ഇന്ത്യൻ ബൗളർമാർ 23 ഒാവർ എറിഞ്ഞിട്ടും ഒരു വിക്കറ്റുപോലും വീഴ്ത്താനായതുമില്ല.
ഒാപ്പണർ മായാങ്കിനെ (7) ആറാം ഒാവറിൽ ടീം സ്കോർ 30 ൽ വച്ച് ബൗൾട്ട് എൽ.ബിയിൽ കുരുക്കിയതിൽ തുടങ്ങുന്നു ഇന്ത്യയുടെ തകർച്ച. തുടർന്ന് പുജാര പൃഥ്വിഷായോടൊപ്പം രണ്ടാംവിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുന്നു. 64 പന്തുകളിൽ എട്ടുഫോറും ഒരു സിക്സുമടക്കം 54 റൺസ് നേടിയ ഷായെ പുറത്താക്കിയാണ് ജാമീസൺ വേട്ട തുടങ്ങിയത്.
85/2 എന്ന സ്കോറിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യ തിരിച്ചെത്തി രണ്ടാം ഒാവറിൽ കൊഹ്‌ലി സൗത്തിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. 113 ലെത്തിയപ്പോൾ രഹാനെയും സൗത്തിക്കിരയായി. തുടർന്ന് പുജാരയും ഹനുമവിഹാരിയും ചേർന്ന് 81 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നു. 194/5 എന്ന നിലയിൽ ഹനുമ വിഹാരി പുറത്തായതോടെ ചായയ്ക്ക് പിരിഞ്ഞു.
ടി കഴിഞ്ഞെത്തി വൈകാതെ പുജാര പുറത്തായതോടെ ഇന്ത്യ ചീട്ടുകൊട്ടാരമായി മാറി. ചായയ്ക്കുശേഷം പത്തോവർ കിവീസിന് തികച്ച് എറിയേണ്ടിവന്നില്ല. ഋഷഭ് പന്ത് (12), ജഡേജ (9), ഉമേഷ് (0) എന്നിവർ കൂടാരം കയറിയപ്പോൾ 216/9 എന്ന നിലയിലായി. അവസാന വിക്കറ്റിൽ ഷമിയും (16), ബുംറയും (10) നടത്തിയ മിന്നൽ പ്രകടനം 242 ലെത്തിച്ചു. ഷമിയെ പുറത്താക്കി ബൗൾട്ടാണ് ഇന്നിംഗ്സിന് കർട്ടനിട്ടത്.
കളിനിറുത്തുമ്പോൾ കിവീസ് ഒാപ്പണർമാരായ ലതാമും (27 നോട്ടൗട്ട്), ബ്ളൻഡേലുമാണ് (29 നോട്ടൗട്ട്) ക്രീസിൽ.
ബൗളർമാരെ അമിതമായി സഹായിക്കുന്ന പിച്ചായിരുന്നില്ല ക്രൈസ്റ്റ് ചർച്ചിൽ. തെറ്റായ ഷോട്ട് സെലക്ഷൻ കാരണമാണ് ഞങ്ങളിൽ പലരും പുറത്തായത്.
ഹനുമ വിഹാരി