theertha-pada-mandapam

തിരുവനന്തപുരം: ചട്ടമ്പി സ്വാമികൾക്ക് സ്മാരകം പണിയാനായി വിദ്യാധിരാജ സഭയ്ക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാൻ റവന്യൂവകുപ്പ് ഉത്തരവിട്ടതിന് പിന്നാലെ സബ് കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയോടെ തീർത്ഥപാദ മണ്ഡപം അടക്കമുള്ള 65 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തു. ഇന്നലെ രാത്രി 8.30 ഓടെ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും വൻ സുരക്ഷാസന്നാഹത്തോടെയായിരുന്നു ഏറ്റെടുക്കൽ. പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സാധനസാമഗ്രികൾ തിട്ടപ്പെടുത്തിയ ശേഷം മണ്ഡപം പൂട്ടി സീൽവച്ചു. സർക്കാർ ഭൂമിയാണെന്ന ബോർഡും സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കിയത്. ഏറ്റെടുത്ത സ്ഥലം കിഴക്കേകോട്ട,​ തമ്പാനൂർ ഭാഗങ്ങളിൽ വെള്ളപ്പൊക്കം തടയാൻ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അതിനായി സാങ്കേതിക പഠനം നടത്താനും റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വി.വേണുവിന്റെ ഉത്തരവിലുണ്ട്. ഈ ഭൂമിയിൽ ചട്ടമ്പിസ്വാമികളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം അപേക്ഷ സമർപ്പിക്കുന്നതിനനുസരിച്ച് സഭയ്ക്ക് പതിച്ചു നൽകുന്ന കാര്യം പരിഗണിക്കാമെന്നും പാത്രക്കുളം നികത്തിയത് കുറ്റമായി കാണാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവിതാംകൂർ രാജകുടുംബവും സർക്കാരുമായി സുപ്രീംകോടതിയിൽ നിലവിലുള്ള കേസിന് വിരുദ്ധമായി ഉത്തരവുണ്ടായാൽ അതിനനുസരിച്ച് ഉത്തരവ് പുനഃപരിശോധിക്കും. തീർത്ഥപാദ മണ്ഡപം ഉൾപ്പെടുന്ന ഈ സ്ഥലത്ത് 15 കോടി രൂപ മുടക്കി കെട്ടിടം പണിയാൻ പോകുന്നതായി വിദ്യാധിരാജ ട്രസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത്‌ പാത്രക്കുളം ഉണ്ടായിരുന്ന സ്ഥലത്ത് ചട്ടമ്പി സ്വാമികൾക്ക് സ്മാരകമന്ദിരം പണിയാൻ വിദ്യാധിരാജ സഭയ്ക്ക് നൽകിയ സർക്കാർ ഭൂമി പിന്നീട് അവർ വിദ്യാധിരാജ ട്രസ്റ്റിന് കൈമാറുകയായിരുന്നു. ഇതിന് നിയമസാധുതയില്ലെന്ന് സർക്കാർ വ്യക്തമാക്കി.

കേസിന്റെ നാൾവഴി

സർക്കാരിന്റെ കൈവശമുണ്ടായിരുന്ന 65 സെന്റ് സ്ഥലം 1976 ജൂൺ 9ന്‌ ചട്ടമ്പി സ്വാമികൾക്ക് സ്മാരകം പണിയാനായി വിദ്യാധിരാജ സഭയ്ക്ക് നൽകിയിരുന്നു. എന്നാൽ സ്മാരകം നിർമ്മിച്ചില്ല. ക്രമേണ പാത്രക്കുളം നികത്തുകയും ചെയ്തു. അതിനിടെ തീർത്ഥപാദ മണ്ഡപം നിർമ്മിച്ച് വാടകയ്ക്ക് കൊടുത്തെങ്കിലും യഥാസമയം പോക്കുവരവ് ചെയ്യാത്തതിനാൽ ഭൂമി ഏറ്റെടുക്കാൻ 2007ൽ സർക്കാ‌ർ നടപടി തുടങ്ങി. എന്നാൽ ഇതിനെതിരെ ട്രസ്റ്റ് കോടതിയെ സമീപിച്ചു. 2017ൽ ട്രസ്റ്റിന് അനുകൂലവിധിയുണ്ടായെങ്കിലും 2018 ഏപ്രിലിൽ കോടികൾ വിലവരുന്ന ഈ സ്ഥലം മന്ത്രിസഭാ തീരുമാനപ്രകാരം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. 2019ൽ ഉത്തരവിറക്കി. അതിനെതിരെ ട്രസ്റ്റ് വീണ്ടും കോടതിയെ സമീപിച്ചപ്പോൾ ഹിയറിംഗിന് ശേഷം ഉചിതമായ നടപടിയെടുക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു.